പൂപ്പത്തിയിലെ കേടുവന്ന ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിക്കുന്നില്ലെന്ന് പരാതി
മാള: കഴിഞ്ഞ മൂന്ന് മാസമായി കേടായി നിൽക്കുന്ന പൂപ്പത്തിയിലെ ട്രാൻസ്‌ഫോർമർ ഇപ്പോഴും നോക്കുകുത്തിയായിത്തന്നെ. പുത്തൻവേലിക്കര സെക്ഷനിലെ പൊയ്യ പഞ്ചായത്ത് പൂപ്പത്തി മൃഗാശുപത്രിയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ട്രാൻസ്‌ഫോർമറാണ് മൂന്ന് മാസത്തോളമായിട്ടും മാറ്റി സ്ഥാപിക്കുന്നില്ലെന്ന പരാതി ഉയർന്നിരിക്കുന്നത്. ഇതിനെതിരെ പൊതുപ്രവർത്തകൻ ഷാന്റി ജോസഫ് തട്ടകത്ത് വകുപ്പ് മന്ത്രിക്കും ചീഫ് എൻജിനിയർക്കും പരാതി നൽകി. റോഡിനോട് ചേർന്ന വളവിന്റെ ഉൾവശത്ത് സ്ഥിതി ചെയ്യുന്ന ട്രാൻസ്‌ഫോർമാർ യാത്രക്കാരുടെ കാഴ്ച മറിയ്ക്കുന്ന സ്ഥിതിയാണ്. ഇത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. ട്രാൻസ്‌ഫോർമറിന്റെ അറ്റകുറ്റപ്പണികൾക്കായെത്തുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് പാഞ്ഞുവരുന്ന വാഹനങ്ങൾ അപകടക്കെണിയാണ്. എതിർവശത്തുള്ള മൃഗാശുപത്രിക്ക് സമീപത്തേയ്ക്ക് പുതിയ ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിക്കണമെന്നാണ് മന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്.
വോൾട്ടേജില്ല, ഉപകരണങ്ങൾ നശിക്കുന്നു
നൂറിൽപ്പരം വീടുകളിലേക്കും സർക്കാർ സ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേയ്ക്കും വൈദ്യുതി വിതരണം ചെയ്തിരുന്നത് ഈ ട്രാൻസ്‌ഫോമറിൽ നിന്നായിരുന്നു. ട്രാൻസ്‌ഫോർമർ കേടായതിനെ തുടർന്ന് ഉപഭോക്താക്കൾക്ക് മറ്റ് സമീപ ട്രാൻസ്‌ഫോമറുകളിൽ നിന്നും താത്കാലികമായി വൈദ്യുതി നൽകിയെങ്കിലും രാത്രിയിൽ പല വീടുകളിലും വോൾട്ടേജ് കുറവ് അനുഭവപ്പെടുന്നതായി നാട്ടുകാർ പറയുന്നു. ഇതുമൂലം വൈദ്യുത ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നുണ്ട്. കൂടാതെ താത്കാലികമായി കണക്ഷൻ നൽകിയ മറ്റ് ട്രാൻസ്‌ഫോമറുകൾക്കും ഇത് അധികഭാരമാണ്.