 
തൃശൂർ : വനിതാ പൊലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് കേരള പൊലീസ് അക്കാഡമിയിൽ വ്യാഴാഴ്ച നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി അഭിവാദ്യം സ്വീകരിക്കും. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഉൾപ്പെടെ ഉന്നത പൊലീസുദ്യോഗസ്ഥർ പങ്കെടുക്കും. 109 വനിതകളാണ് കഴിഞ്ഞവർഷം ഡിസംബർ എട്ടിന് പരിശീലനം ആരംഭിച്ചത്.
ഒമ്പത് മാസത്തെ അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി ഇവർക്ക് വിവിധ ആയുധം ഉപയോഗിക്കുന്നതിലും കൗണ്ടർ അർബൻ ടെറ്റിസം, ബോംബ് ഡിറ്റക്ഷൻ, വി.ഐ.പി സെക്യൂരിറ്റി എന്നിവയിലും പരിശീലനം നൽകി. ഇന്ത്യൻ ഭരണഘടന, ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിക്രമം, തെളിവ് നിയമം, പൊലീസ് സ്റ്റേഷൻ മാനേജ്മെന്റ്, ട്രാഫിക്ക് മാനേജ്മെന്റ്, കേസന്വേഷണം, വി.ഐ.പി ബന്തവസ് എന്നിവയിലും പരിശീലനം നൽകി. മലപ്പുറത്തെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഭീകരവിരുദ്ധ പരിശീലനവും ഹൈ ആൾട്ടിട്ട്യൂഡ് പരിശീലനവും നൽകി.