1

ഗുരുവായൂർ: ഗുരുവായൂർ ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായി അഷ്ടമി വിളക്ക് ദിവസമായ ഇന്ന് മുതൽ ക്ഷേത്രത്തിൽ സ്വർണക്കോലം എഴുന്നള്ളിക്കും. രാത്രി വിളക്കെഴുന്നള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണത്തിനാണ് സ്വർണ്ണക്കോലം എഴുന്നള്ളിക്കുക. ഏകാദശി വിളക്കിന്റെ അവസാന നാല് ദിവസങ്ങളിലും ഉത്സവത്തിലെ അവസാന അഞ്ച് ദിവസങ്ങളിലും അഷ്ടമിരോഹിണിക്കും മാത്രമാണ് സ്വർണക്കോലം എഴുന്നള്ളിക്കുക. പത്ത് കിലോഗ്രാം സ്വർണം ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന കോലത്തിൽ നടുവിലായി മുരളി ഊതി നിൽക്കുന്ന ഉണ്ണിക്കൃഷ്ണനും, ചുറ്റുഭാഗത്തായി വീരശൃംഖലയും, തുറന്ന ഭാഗത്ത് മരതകപ്പച്ചയും, 191 സ്വർണ്ണപ്പൂക്കളും പതിപ്പിച്ചിട്ടുണ്ട്. സ്വർണത്തകിടിലുള്ള ദശാവതാരങ്ങളും അനന്തശയനവും സൂര്യചന്ദ്ര പ്രഭകളും വ്യാളീമുഖവും കോലത്തിൽ പതിച്ചിട്ടുണ്ട്. വിലയേറിയ മരതകക്കല്ലും അഞ്ച് തട്ടുള്ള സ്വർണ അലുക്കുള്ള കുടയാണ് മുകളിൽ. ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾക്ക് മാറ്റുക്കൂട്ടുന്നതാണ് സ്വർണ്ണക്കോലമെഴുന്നള്ളത്ത്. പുളിക്കിഴെ വാരിയത്ത് കുടുംബം വകയാണ് ഇന്ന് അഷ്ടമി വിളക്ക്. ഇന്നലെ നെന്മിനി മനക്കാരുടെ വക സപ്തമി വിളക്കാഘോഷിച്ചു. നാളെ കൊളാടി തറവാട്ടുകാരുടെ വക നവമി വിളക്കാഘോഷം നടക്കും.