ചേലക്കര: വാഴക്കോട് - പ്ലാഴി സംസ്ഥാനപാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കള്ള പ്രചരണങ്ങൾ നടത്തുകയാണെന്നും അത് ജനങ്ങൾ തള്ളിക്കളയണമെന്നും സി.പി.എം ചേലക്കര ഏരിയ സെക്രട്ടറിയും മന്ത്രിയുടെ പ്രതിനിധിയുമായ കെ.കെ. മുരളീധരൻ. റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ചേലക്കര മേഖലയിൽ ഇനിയൊരു വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാനും റോഡുകൾ തകരാതിരിക്കാനും വേണ്ടി സായ് കൺസൾട്ടൻസി എന്ന ഏജൻസി ശാസ്ത്രീയമായ രീതിയിൽ പഠനം നടത്തിയതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റോഡ് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നത്. കോൺക്രീറ്റ് റോഡ് പണി നടക്കുന്ന പ്രദേശങ്ങളിലാണ് ഇപ്പോൾ ഗതാഗതം ചെറിയതോതിൽ തടസപ്പെട്ട് കൊണ്ടിരിക്കുന്നത്. ബാക്കിയുള്ള സ്ഥലങ്ങളിൽ സൈഡ് ഭാഗത്ത് സുരക്ഷ ഉറപ്പിക്കുന്നതിന് വേണ്ടി കോൺക്രീറ്റ് ഭിത്തി നിർമ്മാണവും കല്ല് കെട്ടുന്ന പ്രവൃത്തികളും നടന്നുവരുന്നുണ്ട്. താലൂക്ക് സർവേയറുടെ കീഴിലുള്ള 100 പേരടങ്ങുന്ന ആളുകൾ വിവിധ സംഘങ്ങളായി തിരിഞ്ഞ് നാലുമാസം എടുത്താണ് സർവേ നടപടികൾ പൂർത്തീകരിച്ചത്. സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിട്ടപ്പെടുത്തിയിട്ടുള്ള എല്ലാ കൈയ്യേറ്റങ്ങളും പൂർണമായി ഒഴിപ്പിക്കും. യഥാർത്ഥ വസ്തുതകൾ മറച്ചുവച്ച് ജനങ്ങളുടെ ഇടയിൽ ആശങ്ക ഉളവാക്കുന്ന തരത്തിലുള്ള നുണകളാണ് യു.ഡി.എഫ് പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്. ചേലക്കരയുടെ വികസന പ്രവർത്തനങ്ങളിൽ വിറളി പൂണ്ട യു.ഡി.എഫ് ഈ റോഡിന്റെ പണി തടസപ്പെടുത്തുക എന്ന ദുഷ്ട ലാക്കോടുകൂടിയാണ് ഇല്ലാത്ത അഴിമതിയും അശാസ്ത്രീയതയും പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. ഇത്തരം കള്ളപ്രചരണങ്ങൾക്കെതിരെ മുഴുവൻ ബഹുജനങ്ങളും അണി നിരക്കണമെന്നും റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി വ്യാപാരികളും പൊതുജനങ്ങളും സഹകരിക്കണമെന്നും കെ.കെ. മുരളീധരൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.