പുത്തൻചിറ പിണ്ടാണിയിൽ മണ്ണിടിച്ചിൽ രൂക്ഷം
പുത്തൻചിറ: പിണ്ടാണി കിഴക്കേ നാല് സെന്റ് കോളനിയിൽ മണ്ണിടിച്ചിൽ രൂക്ഷം. ചില വീടുകൾ ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. അടുത്ത കാലത്തുണ്ടായ അതിവർഷം മൂലം വീടുകളോട് ചേർന്നുള്ള പറമ്പുകളിലും മണ്ണിടിഞ്ഞുകൊണ്ടിരിക്കുകയാണ്.
വർഷങ്ങൾക്ക് മുമ്പ് കോളനിയുടെ പടിഞ്ഞാറ് - കിഴക്ക് ഭാഗത്ത് വളരെ ആഴത്തിൽ മണ്ണെടുത്തതാണ് ഇപ്പോഴത്തെ ഇടിച്ചിലിന് കാരണം. രോഗികളും മാനസിക വെല്ലുവിളി നേരിടുന്നവരും വിധവകളും പട്ടികജാതിക്കാരും അതിദരിദ്രരുമായ കുടുംബങ്ങളാണ് ഈ കോളനിയിൽ താമസിക്കുന്നത്. ജീവഹാനി ഭയന്നാണ് ദിവസവും ഇവിടെയുള്ളവർ കഴിച്ചുകൂട്ടുന്നത്. സർക്കാരിന്റെ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി താമസിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനെതിരെ രണ്ട് മാസം മുമ്പ് കോളനി നിവാസികളായ 11 കുടുംബങ്ങൾ ചേർന്ന് കളക്ടർക്ക് നിവേദനം നൽകിയിരുന്നു. ഇതിനിടയിൽ അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഇടപെട്ട് നടപടി വേഗത്തിലാക്കുകയായിരുന്നു.
തഹസിൽദാർ സ്ഥലം സന്ദർശിച്ചു
പിണ്ടാണി കിഴക്കേ നാല് സെന്റ് കോളനിയിൽ മണ്ണിടിച്ചിൽ രൂക്ഷമായ സ്ഥലവും പരിസരവും മുകുന്ദപുരം തഹസിൽദാർ കെ ശാന്തകുമാരിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. തഹസിൽദാർക്കൊപ്പം മൈനിംഗ് ആൻഡ് ജിയോളജി, മണ്ണ് പര്യവേക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും, പുത്തൻചിറ പഞ്ചായത്ത് ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണും, പിണ്ടാണി വാർഡ് മെമ്പർ സംഗീത അനീഷ്, പുത്തൻചിറ വില്ലേജ് ഓഫീസർ ബിജുമോൻ, സനീഷ് കുമാർ പി.എസ്, ചന്ദ്രശേഖരൻ കെ.കെ, സുധീർ നെടുംതാഴത്ത് തുടങ്ങിയവരുമുണ്ടായിരുന്നു.