job

തൃശൂർ: കൊവിഡിന് ശേഷം കേരളത്തിൽ നിന്നും ബംഗളൂരു, െൈഹദരാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലുമെത്തിയ നിരവധി ചെറുപ്പക്കാർ തൊഴിൽ തട്ടിപ്പിന് ഇരയാകുന്നു. തട്ടിപ്പിനിരയായ 36 മലയാളികൾ ഷാർജയിൽ ഭക്ഷണം പോലുമില്ലാതെ കഴിയുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ തൊഴിൽ തട്ടിപ്പുകളെക്കുറിച്ചുളള ബോധവത്കരണം പൊലീസ് ശക്തമാക്കി . ജോലി ഓഫർ ചെയ്യുന്ന കമ്പനിയുടെ പേര് ഗൂഗിൾ മുഖേനയോ മറ്റോ സെർച്ച് ചെയ്ത് അവരുടെ വെബ്‌സൈറ്റ് അല്ലെങ്കിൽ സോഷ്യൽ മീഡിയ പേജുകൾ ആധികാരികമാണെന്ന് ഉറപ്പു വരുത്തിയേ തുടർനടപടികളിലേക്ക് കടക്കാവൂവെന്നാണ് പൊലീസിന്റെ പ്രധാനനിർദ്ദേശം. മറ്റേതെങ്കിലും ജോബ് സൈറ്റുകളിൽ കമ്പനിയുടെ ജോബ് ഓഫർ കണ്ടെത്താൻ കഴിയുമോയെന്ന് നോക്കുകയും ജോബ് ഓഫർ നൽകിയ കമ്പനിയെ കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായം പരിശോധിക്കുകയും വേണം. ജോബ് കമ്പനികളെ കുറിച്ചുള്ള ധാരാളം റിവ്യൂകൾ സെർച്ച് ചെയ്താൽ കാണാൻ കഴിയുമെന്നും പറയുന്നു. ജോബ് ഓഫറിൽ ഏതെങ്കിലും തരത്തിലുള്ള സംശയം തോന്നിയാലും ജോലിയെ കുറിച്ച് ഉറപ്പില്ലെങ്കിലും ഒരു കാരണവശാലും സ്വകാര്യ വിവരം നൽകരുതെന്നും മുന്നറിയിപ്പുണ്ട്. തൊഴിലവസരങ്ങളുടെ പേരിൽ പണം ഒടുക്കാനോ, ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുകയോ, ഒരു അഭിമുഖത്തിന് ഹാജരാകാനോ ഇടയായാൽ കൃത്യമായും കമ്പനിയുടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തണം.

മറ്റ് നിർദ്ദേശങ്ങൾ

കമ്പനിയുടെ വെബ്‌സൈറ്റ് യു.ആർ.എൽ സെക്യൂറാണോ എന്ന് ഉറപ്പുവരുത്തുക (അഡ്രസ് ബാറിലെ ലോക്ക് ഐക്കൺ ഉൾപ്പെടെ)
കുറച്ച് തുക ഒടുക്കിച്ച് വിശ്വാസ്യത നേടിയെടുക്കുക എന്നത് കബളിപ്പിക്കാനുള്ള തട്ടിപ്പുകാരുടെ മാർഗ്ഗമാണ്
കമ്പനിയിൽ നിന്ന് ഇന്റർവ്യൂവിനുള്ള വിശദാംശം ലഭിച്ചുകഴിഞ്ഞാൽ, ഹാജരാകേണ്ട വിലാസം സെർച്ച് ചെയ്യുക.
വിലാസം കൃത്യമാണെന്നും നിലവിൽ ഉള്ളതാണെന്നും അത് സുരക്ഷിതമായ പ്രദേശത്താണെന്നും ഉറപ്പുവരുത്തുക.
ഇന്റർവ്യൂവിനോ മറ്റോ കമ്പനിയുടെ ഓഫീസിൽ പോകുമ്പോൾ എവിടെ പോകുന്നു എന്ന് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയുക.

നഷ്ടപ്പെട്ടത് 65,000 മുതൽ 1.25 ലക്ഷം വരെ

ഷാർജയിൽ കുടുങ്ങിയവർക്ക് സാമൂഹിക പ്രവർത്തകരാണ് ഏക ആശ്വാസം. മലയാളിയാണ് ഇവരെ യു.എ.ഇയിലെത്തിച്ചത്. ഒരുമാസത്തെ സന്ദർശക വിസയിലായിരുന്നു യാത്ര. പലരുടെയും വിസ കാലാവധി കഴിയാറായിരുന്നു. 65,000 മുതൽ 1.25 ലക്ഷം രൂപ വരെ നൽകിയവരുണ്ട്. പാക്കിംഗ്, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികയിലായിരുന്നു ജോലി വാഗ്ദാനം. പണം കേരളത്തിലെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തപ്പോൾ ചിലർക്ക് വ്യാജ ഓഫർ ലെറ്റർ നൽകി. മുംബയിൽ ദിവസങ്ങളോളം താമസിച്ച ശേഷം യു.എ.ഇയിൽ എത്തിയവരുമുണ്ട്. യു.എ.ഇയിലെത്തി മൂന്നു ദിവസം കഴിയുമ്പോൾ എംപ്ലോയ്‌മെന്റ് വിസയിലേക്ക് മാറ്റാമെന്നായിരുന്നു വാഗ്ദാനം.