ചാലക്കുടി: ചാലക്കുടി മണ്ഡലത്തിൽ വീണ്ടും സി.പി.എമ്മുമായി അകന്ന് സി.പി.ഐ. ഇന്നലെ നടന്ന നഗരസഭാ മാർച്ചിലാണ് എൽ.ഡി.എഫിലെ അസ്വാരസ്യം പുറത്തുവന്ന സി.പി.ഐയുടെ നീക്കം പ്രകടമായത്. നഗരസഭയിലെ അഴിമതിക്കെതിരെ എൽ.ഡി.എഫ് തിങ്കളാഴ്ച നടത്തിയ പ്രക്ഷോഭത്തിൽ നിന്നും സി.പി.ഐ വിട്ടുനിന്നിരുന്നു. കാരണമൊന്നും വ്യക്തമാക്കിയതുമില്ല. എന്നാൽ ഇതേ വിഷയത്തിൽ ഇന്നലെ പ്രത്യേകമായി സി.പി.ഐ മാർച്ചും ധർണയും സംഘടിപ്പിച്ചതോടെ അണിയറ രഹസ്യങ്ങൾ പുറത്താവുകയും ചെയ്തു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് മുതൽ ഇരുപാർട്ടികളും തമ്മിൽ രൂക്ഷമായ അഭിപ്രായ ഭിന്നത ഉടലെടുത്തതാണ്. നഗരസഭയിലെ എൽ.ഡി.എഫിന്റെ തുടർ ഭരണത്തിന് ഇതു കാരണമായെന്ന് പറയാം. പത്തോളം വാർഡുകളിലെ യു.ഡി.എഫിന്റെ വിജയം മൂന്നക്കത്തിൽ താഴെ വോട്ടുകൾക്കായിരുന്നു. നഗരസഭയിലെ പല വാർഡുകളിലും ഇരു പാർട്ടികളും തമ്മിലുള്ള അകൽച്ച വോട്ടിന്റെ എണ്ണത്തിൽ പ്രതിഫലിക്കപ്പെട്ടു. പലയിടത്തും ഭരണ നഷ്ടത്തിനും അത് കാരണമായെന്നും വിലയിരുത്തപ്പെടുന്നു. ബ്ലോക്ക് പഞ്ചായത്ത്, കോടശേരി പഞ്ചായത്ത് എന്നിവയുടെ ഭരണങ്ങളും ഇതുമൂലം നഷ്ടപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നുവട്ടം സി.പി.എം കൈവശം വച്ച ചാലക്കുടി മണ്ഡലം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടതിന് പിന്നിലും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ചേരിപ്പോര് കാരണമായി. വീണ്ടും ഇതു മൂർച്ഛിക്കുന്നുവെന്നതിന് തെളിവാണ് പുതിയ സംഭവ വികാസങ്ങൾ.