news-photo-
കെ.എച്ച്.ആർ.എ ഗുരുവായൂർ വാർഷിക പൊതുയോഗം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി. ബിജുലാൽ ഉദ്ഘാടനം ചെയ്യുന്നു.

ഗുരുവായൂർ: ഗുരുവായൂരിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഗുരുവായൂരിൽ ശബരിമല തീർത്ഥാടനകാലവും ഭക്തജനതിരക്കും വർദ്ധിക്കുകയും റോഡ് മാർഗമുള്ള ഗതാഗതം ദുരിതമായ സാഹചര്യവും പരിഗണിച്ച് വേണാട്, അനന്തപുരി എക്‌സ്പ്രസുകൾ, തിരുവനന്തപുരം- ഷൊർണൂർ, കോഴിക്കോട്- തൃശൂർ പാസഞ്ചർ ട്രെയിനുകൾ ഗുരുവായൂരിലേക്ക് നീട്ടണമെന്നും കൊവിഡിന് മുൻപ് വൈകുന്നേരം ഗുരുവായൂരിൽ നിന്നും തൃശൂരിലേയ്ക്ക് സർവീസ് നടത്തിയിരുന്ന പാസഞ്ചർ പുനരാരംഭിക്കണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി. ബിജുലാൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഒ.കെ. ആർ മണികണ്ഠൻ അദ്ധ്യക്ഷനായി. ചാവക്കാട് സർക്കിൾ ഫുഡ് സേഫ്ടി ഓഫീസർ അരുൺ പി. കാര്യാട്ട് ബോധവത്കരണ ക്ലാസ് നടത്തി. മുൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജി.കെ. പ്രകാശ് മുഖ്യാതിഥിയായി. വി.ജി. ശേഷാദ്രി, സുന്ദരൻ നായർ, എ.സി. ജോണി, എൻ.കെ. രാമകൃഷ്ണൻ, കെ.പി. സുന്ദരൻ, രവീന്ദ്രൻ നമ്പ്യാർ, ആർ.എ. ഷാഫി, ഒ.കെ. നാരായണൻ നായർ, രാജേഷ് നമ്പ്യാർ, പി.എ. ജയൻ തുടങ്ങിയവർ സംസാരിച്ചു.