കൊടുങ്ങല്ലൂർ: പുല്ലൂറ്റ് വില്ലേജിൽ ഇന്നു മുതൽ പാൽ വില ലിറ്ററിന് 66 രൂപയാക്കി ഉയർത്തി. പുല്ലൂറ്റ് വില്ലേജിലെ ക്ഷീര കർഷകരുടെ കൂട്ടായ്മയുടെ യോഗമാണ് പാൽ വില ഉയർത്താൻ തീരുമാനിച്ചത്. ക്ഷീര കർഷകർ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് യോഗം ചൂണ്ടിക്കാണിച്ചു. കാലിത്തീറ്റ വില വർദ്ധനവ് ക്ഷീരമേഖലയെ ഗുരുതരമായി ബാധിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ ഗോവർദ്ധിനി സ്‌കീമിൽ കന്നുക്കുട്ടി തീറ്റ 60 കിലോയ്ക്ക് 675 രൂപ ഉണ്ടായിരുന്നത് നവംബർ മുതൽ 900 രൂപയായി വർദ്ധിച്ചു. വിലവർദ്ധനവ് മൂലം 18 മാസം ലഭിക്കേണ്ട കുട്ടിത്തീറ്റ കർഷകർക്ക് 13 മാസം മാത്രമേ ലഭിക്കുകയുള്ളൂ. ഈ സാഹചര്യത്തിലാണ് പുല്ലൂറ്റ് ക്ഷീരകർഷക കൂട്ടായ്മയുടെ പ്രസിഡന്റ് ടി.ആർ. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുല്ലൂറ്റ് വില്ലേജിൽ ഇന്നു മുതൽ പാൽ വില ലിറ്ററിന് 66 രൂപയായി നിശ്ചയിച്ചത്. യോഗത്തിൽ സി.എസ്. ശ്യാംകുമാർ, അഖിൽ ആനന്ദ്, ജയകുമാർ എന്നിവർ സംസാരിച്ചു.