ഇരിങ്ങാലക്കുട: കടുപ്പശ്ശേരിയിൽ കുന്നിടിച്ച് മണ്ണ് കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. കടുപ്പശ്ശേരി നമ്പിക്കുന്നിലാണ് സംഭവം. പിന്നാക്ക വിഭാഗം തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന് മണ്ണ് കൊണ്ടുപോകുവാൻ ശ്രമിച്ചത്. രണ്ട് വർഷം മുമ്പ് ഇവിടെ നിന്നും ഇത്തരത്തിൽ മണ്ണ് കൊണ്ടുപോയിരുന്നുവെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് നിറുത്തിവയ്ക്കുകയായിരുന്നു.

ഇന്നലെ സ്വകാര്യ വ്യക്തി മണ്ണ് കൊണ്ടുപോകുന്നതിനുള്ള വാഹനങ്ങളും ഉപകരങ്ങളുമായി എത്തിയിരുന്നു. എന്നാൽ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. സംഘർഷാവസ്ഥ കണക്കിലെടുത്ത് ആളൂർ പൊലീസിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹവും പ്രദേശത്തെത്തിയിരുന്നു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലുള്ള ജനകീയ കൂട്ടായ്മ പ്രതിഷേധം കടുപ്പിച്ചതോടെ താത്കാലികമായി മണ്ണെടുക്കൽ നിറുത്തിവയ്ക്കുകയായിരുന്നു.

മണ്ണ് ഖനനത്തിന് അനുമതി നൽകുന്നതിന് അത് നിക്ഷേപിക്കുമെന്ന് പറയുന്ന സ്ഥലത്തിന്റെ വിവരം തഹസിൽദാരിൽ നിന്ന് വാങ്ങണമെന്നും ട്രാൻസ്‌പോർട്ടേഷൻ പാസിലും അനുമതിയിലും നിക്ഷേപിക്കുന്ന സ്ഥലത്തിന്റെ സർവേ നമ്പരും സബ് ഡിവിഷൻ നമ്പരും രേഖപ്പെടുത്തണമെന്നുമുള്ള ഉത്തരവ് നിലനിൽക്കെ, ഇതൊന്നും പാലിക്കാതെയാണ് മണ്ണെടുക്കൽ നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.