ചാലക്കുടി: ചാലക്കുടിക്ക് അനുവദിച്ച പോക്‌സോ കോടതി ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കും. രാവിലെ 9.30ന് മുൻസിഫ് കോടതി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ജഡ്ജി എ.കെ. ജയശങ്കർ ഓൺലൈൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ജഡ്ജി പി.എൻ. വിനോദ്, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് റിനോ ഫ്രാൻസിസ് സേവ്യാർ, പോക്‌സോ കോടതി ജഡ്ജി ഡോണി വർഗീസ് തോമസ്, ചാലക്കുടി മുൻസിഫ് മജിസ്‌ട്രേറ്റ് എം.ടി. തരിയച്ചൻ, ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എം.എസ്. ഷൈനി, ബാർ അസോസിയേഷൻ പ്രസിഡന്റ് എം.ഡി. ഷാജു തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ആനമല ജംഗ്ഷനിലെ ട്രാംവെ സ്‌ക്വയർ മന്ദിരത്തിലെ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയിൽ നാട മുറിക്കൽ ചടങ്ങ് നടക്കും. ഇതോടെ പോക്‌സോ കോടതിയുടെ പ്രവർത്തനത്തിന് തുടക്കമാകും. കൊടകര, മാള, ചാലക്കുടി, കൊരട്ടി, അതിരപ്പിള്ളി, മലക്കപ്പാറ, വെള്ളിക്കുളങ്ങര എന്നീ പൊലീസ് സ്റ്റേഷൻ പരിധിയാണ് ഫാസ്റ്റ് ട്രാക്ക് കോടതിയുടെയും. എല്ലാ പ്രവൃത്തി ദിവസങ്ങളിലും സിറ്റിംഗുണ്ടാകും. ജഡ്ജിക്ക് പുറമെ ഏഴ് ജീവനക്കാരാണുള്ളത്. പരിപാടികൾ വിശദീകരിക്കുന്നതിന് ചേർന്ന വാർത്താസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് എം.ഡി. ഷാജു, സെക്രട്ടറി സുനിൽ ജോസ് മാളക്കാരൻ എന്നിവർ പങ്കെടുത്തു.