ചാലക്കുടി: നഗരത്തിൽ സ്ഥിരമായി നടക്കുന്ന ഗുണ്ടാവിളയാട്ടത്തിൽ വ്യാപാരികളും നാട്ടുകാരും അങ്കലാപ്പിൽ. പൊലീസ് മൗനത്തിലും. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചിലരും ഇവരുടെ കൂട്ടുകാരുമാണ് രണ്ടാഴ്ചയായി തെരുവിൽ ഭീകാന്തരീക്ഷം സൃഷ്ടിക്കുന്നത്. ഇന്നലെ വൈകിട്ട് മാർക്കറ്റ് റോഡിൽ ഇരുചേരികളുമായി തിരിഞ്ഞ് ആറ് പേർ പരസ്പരം കൊലവിളി നടത്തി. തമ്മിലടിയുമുണ്ടായി. ചില വ്യാപാര സ്ഥാപനങ്ങളിലേയ്ക്ക് ഓടിക്കയറിയും ഇവർ സംഘട്ടനമുണ്ടാക്കി. കടകളിലെത്തിയ ഉപഭോക്താക്കൾ പലരും ഭയത്തോടെ തിരികെ പോയി. ഏറെനേരം ഇവരുടെ താണ്ഡവം തുടർന്നെങ്കിലും പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്ന് വ്യാപാരികൾ പറഞ്ഞു. മൂന്നുതവണ ഫോൺ ചെയ്തതിനു ശേഷം എസ്.ഐ എത്തുമ്പോഴേയ്ക്കും അക്രമികൾ സ്ഥലം വിട്ടിരുന്നു. ഈ സമയത്തെല്ലാം എസ്.ഐ വാഹനങ്ങളെ ചാർജ് ചെയ്തുകൊണ്ട് നഗരത്തിൽ തന്നെയുണ്ടായിരുന്നു. എന്നാൽ സൈ്വര്യജീവിതത്തിന് വെല്ലുവിളിയാകുന്ന സംഭവം അരങ്ങേറിയിട്ടും അതു കണ്ടില്ലെന്ന് നടിച്ചുവെന്നാണ് വ്യാപാരികളുടെ ആരോപണം. മയക്കുമരുന്നു പരിശോധനയുടെ പേരിൽ സാധാരണക്കാരോട് എസ്.ഐ കാട്ടിക്കൂട്ടുന്ന നിയമപരമല്ലാത്ത പ്രവൃത്തികളെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നുകഴിഞ്ഞു. വൈകിട്ട് കടകളുടെ പിന്നിൽ ചായ കുടിച്ചു നിൽക്കുന്ന ആളുകളെ ചൂരൽ ചുഴറ്റി ഓടിക്കുകയും ആകോശിക്കുകയും ചെയ്യുന്നുവെന്നാണ് ആരോപണം. ചാലക്കുടിയിലെ ഒരു വനിതാ അഭിഭാഷകതന്നെ ഇതിനെതിരെ തെളിവുകൾ സഹിതം നിയമ നടപടികളിലേയ്ക്ക് നീങ്ങുകയാണ്. നഗരത്തിന് പേടിസ്വപ്‌നമായ കുറ്റവാളികൾ ഭയപ്പാടില്ലാതെ നടക്കുന്നതാണ് നാട്ടുകാരെ നിരാശയിലാക്കുന്നത്.