ചാലക്കുടി: ലോക് താന്ത്രിക് ജനതാദൾ ജില്ലാ പഠനക്യാമ്പ് ഡിസംബർ 2, 3, 4 തീയതികളിൽ അതിരപ്പിള്ളി ചലഞ്ചർവൺ ക്യാമ്പ് സെന്ററിൽ നടക്കുമെന്ന് സംഘാടക സമിതി കൺവീനർ ജോർജ് വി. ഐനിക്കൽ അറിയിച്ചു. 2ന് 4 മണിക്ക് ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി പതാക ഉയർത്തും. 5 മണിക്ക് ജില്ലാ നേതൃസംഗമവും 7 മണിക്ക് രാഷ്ട്രീയ പ്രമേയവതരണ ചർച്ചകളും നടത്തും. എൽ.ജെ.ഡി സംസ്ഥാന ഭാരവാഹികളായ വി. കുഞ്ഞാലി, സണ്ണി തോമസ്, എം.കെ. ഭാസ്‌കരൻ, വി.കെ. കുഞ്ഞിരാമൻ എന്നിവർ വിവിധ സെക്ഷനുകളിൽ സംബന്ധിക്കും. ഡിസംബർ 3 ന് 11 മണിക്ക് എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 'സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ അനിവാര്യത 'എന്ന വിഷയത്തിൽ ദേശീയ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജ് ക്ലാസെടുക്കും. ഉച്ചയ്ക്ക് 2.30ന് മുൻ കൊച്ചി മേയറും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.ജെ. സോഹൻ 'പരിസ്ഥതി പ്രവർത്തനവും സോഷ്യലിസ്റ്റ് രാഷ്ട്രീയവും' വിഷയാവതരണം നടത്തും. മഹിളാജനത സംസ്ഥാന പ്രസിഡന്റ് ഒ.പി. ഷീജ ഉദ്ഘാടനം ചെയ്യും. 5.30ന് ഇടതുപക്ഷ നേതൃസംഗമം സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് മുഖ്യാതിഥിയാകും. 7 മണിക്ക് സാംസ്‌കാരിക സംഗമം അഡ്വ. എം.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്യും. 4ന് സംസ്ഥാന യൂത്ത് കമ്മിഷൻ ചെയർപേഴ്‌സൻ ഡോ. ചിന്ത ജെറോം 'ഭാവി ഭാരതം യുവമനസ്സുകളിലൂടെ, പ്രതിസന്ധികളും പരിഹാരങ്ങളും'' സെമിനാർ ഉദ്ഘാടനം ചെയ്യും. മയൂര ശ്രേയാംസ് കുമാർ വിഷയാവതരണവും കെ.പി.സി.സി സെക്രട്ടറി സി.എസ്. ശ്രീനിവാസ് ചർച്ച നയിക്കും. 11.30ന് മുൻ മന്ത്രി കെ.പി. മോഹനൻ എം.എൽ.എ സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യും.