
വിതുര : പൊന്മുടി - തിരുവനന്തപുരം സംസ്ഥാന പാതയിലെ പ്രമുഖ ജംഗ്ഷനായ വിതുര കലുങ്കിൽ ഗതാഗതകുരുക്ക് മുറുകുന്നു. മൂന്ന് പ്രധാന റോഡുകൾ സംഗമിക്കുന്ന കലുങ്ക് ജംഗ്ഷനിൽ യാത്രാതടസവും, അപകടങ്ങളും പതിവായിട്ട് മാസങ്ങളേറെയായി. പത്തോളം ധനകാര്യ സ്ഥാപനങ്ങളും, നൂറിൽപരം വ്യാപാരകേന്ദ്രങ്ങളും മറ്റും സജീവമായി പ്രവർത്തിക്കുന്ന ജംഗ്ഷനിലെ ഗതാഗതപ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിച്ചെങ്കിലും പ്രശ്നത്തിന് ഇനിയും പരിഹാരമായിട്ടില്ല. നെടുമങ്ങാട് പോകുന്ന ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള കാത്തിരിപ്പു കേന്ദ്രത്തിന് സമീപമാണ് ഏറെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ഇവിടെ അനധികൃത പാർക്കിംഗ് രൂക്ഷമാണ്. റോഡിനോടു ചേർന്നാണ് വെയിറ്റിംഗ് ഷെഡ്. സ്ഥലപരിമിതി മൂലം യാത്രക്കാർ ബുദ്ധിമുട്ടിലാണ്. നിത്യവും ആയിരങ്ങൾ വന്നുപോകുന്ന ജംഗ്ഷനെ വികസിപ്പിക്കാത്തതിനെതിരെയും ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വിതുര ഗവ. ഹൈസ്കൂൾ, ഗവ യു.പി സ്കൂൾ എന്നിവിടങ്ങളിലായി നാലായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. വിദ്യാർത്ഥികൾ ബസിറങ്ങുന്നതും മടങ്ങിപോകുന്നതും കലുങ്ക് ജംഗ്ഷനിലാണ്. സ്ഥലപരിമിതി മൂലം ആര്യനാട്, തൊളിക്കോട്, നെടുമങ്ങാട് ഭാഗത്തേക്ക് പോകണമെങ്കിൽ റോഡിന് നടുവിൽ നിന്ന് ബസ് കയറേണ്ട സ്ഥിതിയാണ്. ഇത് വിദ്യാർത്ഥികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. സ്കൂൾ വിടുന്ന സമയത്ത് വൻതിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. അനവധി തവണ വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടിട്ടുമുണ്ട്. നേരത്തേ രാവിലെയും വൈകിട്ടും കലുങ്ക് ജംഗ്ഷനിൽ വിതുര സ്റ്റേഷനിൽ നിന്നും പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒരു ദിവസം പോലും പൊലീസുകാരെ കാണാനില്ലെന്നാണ് പരാതി. ഇതുമൂലം കലുങ്ക് ജംഗ്ഷനിൽ വിദ്യാർത്ഥികൾ തമ്മിൽ അടിപിടിയുണ്ടാകുക പതിവാണ്. ജംഗ്ഷനിലും പരിസരത്തും പൂവാലൻമാരുടെ ശല്യം വർദ്ധിച്ചതായും പരാതിയുണ്ട്. മാത്രമല്ല അപകടങ്ങളും ഗതാഗതതടസവും വർദ്ധിച്ചുവരുന്നു. വിതുര ശിവൻകോവിൽ ജംഗ്ഷനിലും അപകടങ്ങൾ പതിവാകുകയാണ്. ഇവിടെ ധാരാളം വിദ്യാർത്ഥികൾ ബസിറങ്ങി സ്കൂളുകളിലേക്ക് പോകുന്നുണ്ട്. ഗതാഗതം നിയന്ത്രിക്കുന്നതിനായി ഇവിടെ പൊലീസിന്റെ സേവനം അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികൾ പരാതി നൽകിയെങ്കിലും ഇതുവരെയും നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ല. ജംഗ്ഷനിലെ പ്രശ്നങ്ങൾക്ക് അടിയന്തരപരിഹാരം കാണണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് വ്യാപാരിവ്യവസായികൾ.
ടൂറിസ്റ്റുകളും ബുദ്ധിമുട്ടുന്നു
പൊന്മുടി, കല്ലാർ, ബോണക്കാട്, പേപ്പാറ ഉൾപ്പെടെയുള്ള വിനോദസഞ്ചാര മേഖലകളിലേക്കുള്ള ടൂറിസ്റ്റുകളുടെ ഇടത്താവളം കൂടിയാണ് വിതുര കലുങ്ക്. ഇവിടെയിറങ്ങി ഭക്ഷണവും വിശ്രമവും കഴിഞ്ഞാണ് പൊന്മുടിയിലേക്കും മറ്റും പോകുന്നത്. ഗതാഗതക്കുരുക്ക് ടൂറിസ്റ്റുകളെയും വിഷമത്തിലാക്കിയിരിക്കുകയാണ്.
വികസനം കടലാസിൽ
മൂന്ന് പ്രധാന റോഡുകൾ സംഗമിക്കുന്ന ജംഗ്ഷൻ സ്ഥലപരിമിതി മൂലം ശ്വാസം മുട്ടുകയാണ്. അനവധി തവണ ജംഗ്ഷൻ വികസിപ്പിക്കാൻ പഞ്ചായത്ത് തീരുമാനിച്ചെങ്കിലും നടപ്പായില്ല. ഇതിനായി അനുവദിച്ച പ്രത്യേക ഫണ്ട് ജലരേഖയായി. കലുങ്ക് ജംഗ്ഷനെ മോഡേൺ ജംഗ്ഷനായി ഉയർത്തുമെന്ന് പത്ത് വർഷം മുൻപ് നടത്തിയ പ്രഖ്യാപനം കടലാസിൽ മാത്രം ഒതുങ്ങി.
സാമൂഹ്യ വിരുദ്ധരുടെ താവളം
പാലോട് റോഡിൽ സ്ഥാപിച്ചിട്ടുള്ള വെയിറ്റിംഗ് ഷെഡിൽ സാമൂഹിക വിരുദ്ധശല്യം വർദ്ധിച്ചതായി പരാതിയുണ്ട്. സ്കൂൾ വിടുന്ന സമയങ്ങളിൽ വിദ്യാർത്ഥിനികളെ വെയിറ്റിംഗ് ഷെഡിൽ കയറി ആക്രമിക്കുന്നതും പതിവാണ്. രാത്രിയിൽ ഈ കാത്തിരിപ്പ് കേന്ദ്രത്തിൽ അക്രമികളുടെ ശല്യമുള്ളതായും പരാതിയുണ്ട്. മാത്രമല്ല വിദ്യാർത്ഥികൾ തമ്മിലും ഇവിടെ സംഘർഷവും അടിപിടിയും ഉണ്ടാകാറുണ്ട്. പൊലീസിന്റെ സത്വര ശ്രദ്ധ ഈ മേഖലയിൽ പതിയണമെന്ന ആവശ്യം ശക്തമാണ്.