chittar

വിതുര: പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര പഞ്ചായത്തിലെ ആനപ്പാറ ചിറ്റാറിൽ പുതിയ പാലം നിർമ്മിക്കുമെന്ന അധികാരികളുടെ വാഗ്ദാനം കടലാസിൽ ഒതുങ്ങുന്നു.പത്ത് വർഷങ്ങൾക്ക് മുൻപ് ഇവിടെ ഉടൻ പാലം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല.ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച ചിറ്റാർപാലം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അപകടാവസ്ഥയിൽ തന്നെയാണ്.ബ്രിട്ടീഷ് മേധാവികൾക്കും രാജാക്കന്മാർക്കുമായി പൊൻമുടിയിലെത്താൻ നിർമ്മിച്ചതായിരുന്നു ഈ പാലം.ഇത് പുനർനിർമ്മിക്കുമെന്ന വാഗ്ദാനങ്ങൾക്കും അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്.ചിറ്റാർ പാലത്തിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി നിരവധി തവണ വാർത്ത നൽകിയിട്ടുണ്ട്.ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന ചിറ്റാർ പാലം പുനർനിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാത്തതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.

മുപ്പത് വർഷം മുൻപ് വരെ സജീവമായിരുന്ന കല്ലാർ ചന്തയിലേക്കും മറ്റുമെത്തുന്നതിനായി നിരവധി ആളുകൾ ആശ്രയിച്ചിരുന്നത് ചിറ്റാർ പാലത്തെയായിരുന്നു.തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന നുറുകണക്കിന് വാഹനങ്ങളാണ് ദിനവും ഇതുവഴി കടന്നുപോകുന്നത്.കാലങ്ങളായി ഉണ്ടാകുന്ന മലവെള്ളപ്പാച്ചിലും പാലത്തിന് മുകളിലൂടെ കുത്തിയൊലിച്ചിട്ടും പാലം ശക്തമായി തന്നെ നിന്നു.എന്നാൽ പാലത്തിന്റെ കൈവരികൾ തകർന്നതോടെ അപകടങ്ങളും പതിവായി.ചിറ്റാർ പാലത്തിന്റെ ആണിക്കല്ലിളകി വീഴുകയും മഴയത്ത് പാലത്തിന്റെ ഒരു വശത്ത് വിള്ളൽ വീഴുകയും ചെയ്തിരുന്നു.രണ്ട് തവണ ഗതാഗതം നിറുത്തിവയ്ക്കുകയും ചെയ്തു.വാഹനങ്ങൾ കടന്നുപോകുമ്പോൾ കുലുക്കവും പതിവാണ്.