1

വിഴിഞ്ഞം: കോവളത്തെ സൈലന്റ് വാലി പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. സ്വകാര്യ ഹോട്ടലിന്റെ പരാതിയെ തുടർന്ന് ടെൻഡർ നടപടികൾക്ക് തടസ്സം നേരിട്ടെങ്കിലും ഈ മാസം അവസാനത്തോടെ പൂർത്തിയാകും. ഏറ്റെടുക്കാനായി ഒൻപതോളം സംരംഭകർ ടെൻഡർ നൽകി കാത്തിരിക്കുകയാണ്. മാസങ്ങൾക്കു മുൻപ് ടെൻഡർ ക്ഷണിച്ച് നടപടികൾ പൂർത്തിയാക്കിയിരുന്നെങ്കിലും സ്വകാര്യ ഹോട്ടൽ നൽകിയ വഴിത്തർക്കത്തിന്റെ പേരിൽ ടെൻഡർ കൊടുക്കുന്നത് നീണ്ടു പോവുകയായിരുന്നു. ഒടുവിൽ കളക്ടർ ഇടപെട്ട് വിഷയം ചർച്ച ചെയ്ത് ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ റിപ്പോർട്ട് ടൂറിസം ഡയറക്ടർക്ക് നൽകി. വിദേശത്തുള്ള ടൂറിസം ഡയറക്ടർ എത്തിയാലുടൻ ടെൻഡർ നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.

വിദേശികളെ ആകർഷിക്കാൻ കഴിയുന്ന വൈവിദ്ധ്യവും നവീനവുമായ പദ്ധതികൾ വിലയിരുത്തി മാർക്ക് നൽകി,​ ടെക്നിക്കൽ ബിഡ് തുറന്ന് രണ്ടിലും ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന ടൂർ ഓപ്പറേറ്റീവ് കമ്പനിക്ക് സൈലന്റ് വാലി പദ്ധതിയുടെ നടത്തിപ്പ് കൈമാറും. കൂടാതെ വിദേശികളെയും കുട്ടികളെയും ആകർഷിക്കാൻ കോവളത്ത് വാട്ടർ സ്പോർട്സ് ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കുന്ന കാര്യവും ടെൻഡർ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൈലന്റ് വാലി പദ്ധതി പ്രദേശം കോവളം ആക്ടിവിറ്റി ഹബാക്കാനാണ് ഉദ്ദേശ്യമെന്ന് ടൂറിസം വകുപ്പ് അധികൃതർ നേരത്തെ പറഞ്ഞിരുന്നു. ഗോവൻ മോഡലിലാണ് ഇവിടെ വാട്ടർ സ്‌പോർട്സ് ഒരുക്കുന്നത്. ബനാന റൈഡുൾപ്പെടെയുള്ള നിരവധി റൈഡുകളും സജ്ജമാക്കും.

കോവളം ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററിനും സർക്കാർ ഗസ്റ്റ് ഹൗസിനും സമീപത്തായാണ് നിശബ്ദ താഴ്‌വര. ഗസ്റ്റ് ഹൗസിനോടു ചേർന്ന് തിരുവിതാംകൂർ രാജകുടുംബം ഉപയോഗിച്ചിരുന്ന കുളം ഉൾപ്പെടെയുള്ള മൂന്നേക്കർ സ്ഥലമാണ് ടൂറിസം വകുപ്പ് പദ്ധതിക്കായി വിനിയോഗിച്ചത്. പരിസ്ഥിതിക്ക് മാറ്റം വരുത്താതെ നടപ്പാക്കുന്ന പദ്ധതിയിൽ,​ നിർമ്മാണം പൂർത്തിയാക്കിയ രണ്ട് കെട്ടിടങ്ങൾ ഉദ്‌ഘാടനത്തിനു തയ്യാറായിട്ടുണ്ട്.

നിർമ്മാണം പൂർത്തിയായത്

സൂര്യസ്നാനം ചെയ്യുന്നതിനും കടൽക്കാഴ്ച ആസ്വദിക്കുന്നതിനുമുള്ള ഇരിപ്പിടങ്ങൾ

കടൽക്കുളിക്ക് ശേഷം എത്തുന്നവർക്ക് ശുദ്ധമായ വെള്ളത്തിൽ കുളിക്കുന്നതിനുള്ള ഷവർ ബ്ലോക്‌സ്

കോഫിബാർ, ലൈബ്രറി, ഉദ്യാനം, റിസപ്ഷൻ ബ്ലോക്ക്, സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള കാബിനുകൾ

ബീച്ചിലേക്കുള്ള നടപ്പാത, പുൽത്തകിടി, ഇരിപ്പിടങ്ങൾ, വർണവിളക്കുകൾ

വാട്ടർ സ്പോർട്സ് സർഫിംഗ്, നീന്തൽ, വിൻഡ് സർഫിംഗ്, ജെറ്റ് സ്കീയിംഗ്, സ്കൂബ ഡൈവിംഗ്

നിർമ്മാണച്ചെലവ് - രണ്ട് ഘട്ടങ്ങളിലായി 5 കോടിയോളം

2013 ജൂലായിൽ അനുമതി ലഭിച്ച പദ്ധതിയുടെ നിർമ്മാണം 2015 ഫെബ്രുവരിയിലാണ് ആരംഭിച്ചത്. പദ്ധതി 2017 അവസാനം പൂർത്തിയായിക്കഴിഞ്ഞെന്ന് ടൂറിസം വകുപ്പ് അധികൃതർ പറഞ്ഞിട്ടും സഞ്ചാരികൾക്ക് തുറന്നുകൊടുക്കാൻ കഴിഞ്ഞിരുന്നില്ല. കൂടുതൽ ആകർഷകമായ രീതിയിൽ സൗകര്യങ്ങളും റൈഡുകളും സജ്ജമാക്കിയശേഷമേ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കുമായി തുറന്നുകൊടുക്കൂവെന്ന് അധികൃതർ പറഞ്ഞു.