തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ആത്മകഥയായ നെഞ്ചുക്ക് നീതിയുടെ വിവർത്തനത്തിന്റെ തിരക്കിലാണ് ശൈലജ രവീന്ദ്രൻ

തമിഴ് സാഹിത്യത്തെ വിവർത്തനത്തിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തി ശ്രദ്ധേയയായ എഴുത്തുകാരിയാണ് ശൈലജ രവീന്ദ്രൻ. തന്റെ സാഹിത്യാനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ശൈലജ.
എഴുത്തു രംഗത്തേക്കുള്ള കടന്നുവരവ്
അവിചാരിതമായാണ് എഴുത്തിന്റെ ലോകത്തേക്ക് ചുവടുവയ്ക്കുന്നത്. അച്ഛൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത തിരുവള്ളുവരുടെ തിരുക്കുറൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണിയാണ് പ്രകാശനം ചെയ്തത്. ആ ചടങ്ങിൽ അച്ഛന് ലഭിച്ച അംഗീകാരമാണ് എന്തെങ്കിലും എഴുതണമെന്ന ചിന്ത എന്നിലുണ്ടാക്കിയത്. അച്ഛനെപോലെ എനിക്കും എഴുതാൻ പ്രേരണ നൽകിയതിൽ വലിയൊരു പങ്കും തമിഴ് സംഘത്തിനവകാശപ്പെട്ടതാണ് . എന്റെ സഹോദരിയുടെ കൂടെ വർക്ക് ചെയ്യുന്ന മുത്തുരാമൻ സാറായിരുന്നു അന്ന് തമിഴ് സംഘത്തിന്റെ പ്രസിഡന്റ്.
പത്താം ക്ളാസിൽ പഠിക്കുമ്പോൾ, വിദ്യാർത്ഥികളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ തയ്യാറാക്കിയ കയ്യെഴുത്തു മാസികയിലേക്ക് എഴുതിയ ചന്ദനമരം എന്ന നോവലാണ് ആദ്യ രചന. ശേഷം കണ്ണദാസന്റെ പത്ത് ഭാഗമുള്ള അർത്ഥമുള്ള ഹിന്ദു മതം എന്ന നോവലിലെ ഒരു ഭാഗം വിവർത്തനം ചെയ്തു. അച്ഛൻ നല്ല അഭിപ്രായം പറഞ്ഞതോടെ പ്രസിദ്ധീകരണത്തിനൊരുങ്ങി. എന്നാൽ എഴുതാൻ അനുവാദം ചോദിച്ചില്ലെന്ന കാരണത്താൽ കണ്ണദാസന്റെ കുടുംബം പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ചു. രണ്ടാമതാണ് മുരുകയ്യ എന്ന എഴുത്തുകാരന്റെ കയറ്റുകട്ടിൽ എന്ന ചെറുകഥ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നത്. പ്രസിദ്ധീകരിക്കപ്പെട്ട എന്റെ ആദ്യ കൃതിയാണത്.
വിവിധ ഭാഷകൾ അറിയാമെന്നതു കൊണ്ട് വിവർത്തനം ബുദ്ധിമുട്ടുള്ള കാര്യമായി തോന്നിയിട്ടില്ല. സ്വന്തമായി ഒരു കൃതി എഴുതുന്നതിലും എളുപ്പം വിവർത്തനമാണെന്ന് ഞാൻ മനസിലാക്കുന്നു. ഭാവനാശേഷിയുടെ കുറവും (ചിരിക്കുന്നു) വിവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണമായിട്ടുണ്ട്.
വിവർത്തനം ചെയ്യുമ്പോൾ എപ്പോഴും സൂക്ഷ്മത പുലർത്തേണ്ടത് അത്യാവശ്യമാണ്. പുസ്തകത്തിന്റെ വലിയൊരു ഭാഗം വായിച്ചതിനു ശേഷം വിവർത്തനം ചെയ്യുക എന്നതായിരുന്നു ആദ്യകാല രീതി. ഇപ്പോൾ ഒരു വരി വായിക്കുമ്പോൾ തന്നെ അതിന്റെ സാരാംശം ചോരാതെ എന്റേതായ ഭാഷയിൽ മാറ്റി എഴുതാൻ സാധിക്കുന്നുണ്ട്. ഞാൻ വിവർത്തനം ചെയ്ത ഗ്രന്ഥത്തെ പറ്റി നാളിതുവരെ ആരും പരാതി പറഞ്ഞിട്ടില്ല എന്നത് ആത്മവിശ്വാസം പകരുന്നു.
'യാമം" എന്ന നോവലിന്റെ പ്രകാശന വേളയിൽ അമ്മാവൻ (ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. ജി മാധവൻ നായർ) അഭിനന്ദിച്ചത് വലിയ നേട്ടമായി കണക്കാക്കുന്നു. തമിഴ് നോവലിന്റെ വിവർത്തനമാണെങ്കിലും ആ ഭാഷയുടെ അംശമോ, സ്വാധീനമോ വിവർത്തനത്തിൽ കാണാൻ കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
അച്ഛന്റെ സ്വാധീനം
അച്ഛൻ തമിഴ്നാട്ടിൽ സഹകരണ വകുപ്പ് ജീവനക്കാരനായിരുന്നു. എഴുതാനുള്ള എന്റെ ആഗ്രഹം തിരിച്ചറിഞ്ഞ അച്ഛനാണ് തമിഴ് സംഘത്തിലെ പ്രവർത്തകരോട് പറഞ്ഞ് അവസരം വാങ്ങിത്തന്നത്. വിവർത്തനം ചെയ്യുമ്പോൾ തമിഴ് ഭാഷയുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം അച്ഛനായിരുന്നു പരിഹരിച്ചത്. 
അദ്ദേഹം സാഹിത്യ ഭാഷയിലും ഞാൻ സംസാര ഭാഷയിലുമാണ് എഴുതാറ്. പുസ്തക രചനയിൽ ഏത് രീതിയിൽ ഉള്ള വാക്കുകൾ ആണ് ഉപയോഗിക്കേണ്ടത് എന്നതിനെ ചൊല്ലി ഞങ്ങൾ രസകരമായ തർക്കത്തിൽ ഏർപ്പെടാറുണ്ടായിരുന്നു.
വളരെ സമർപ്പണ ഭാവത്തോടെ സാഹിത്യ മേഖലയിൽ ഇടപെട്ടയാളാണ് അച്ഛൻ. തിരുക്കുറൾ, തിരുമന്ത്രം, തിരുവാചകം, പതിനെട്ടിൻ കീഴ്ക്കണക്ക് തുടങ്ങി ഒരുപാട് വിവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. മരിക്കുന്നതിന് കുറച്ചുനാൾ മുൻപ് തമിഴ്നാട് സർക്കാർ അദ്ദേഹത്തിന് അവാർഡ് നൽകി ആദരിച്ചിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് 2020 ലാണ് അച്ഛൻ മരിച്ചത്. അദ്ദേഹത്തിന്റെ ശൂന്യത എന്നെ വല്ലാതെ അലട്ടുന്നുണ്ട്.
തിരുക്കുറൾ പരിഭാഷ
വിദ്യാർത്ഥി കാലഘട്ടത്തിൽ ബസ് യാത്രയ്ക്കിടെ സീറ്റിന് പിന്നിൽ എഴുതിവച്ചിട്ടുള്ള തിരുക്കുറളിലെ കുറളുകൾ ശ്രദ്ധിക്കുമായിരുന്നു. തിരുവള്ളൂവരുടെ തിരുക്കുറൾ മലയാളത്തിലേക്ക് ഒരുപാടു തവണ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ചെറിയൊരു പോക്കറ്റ് കോപ്പി വേണമെന്ന തമിഴ് സംഘത്തിലുള്ള രാമയ്യയുടെ ആവശ്യപ്രകാരമാണ് പരിഭാഷപ്പെടുത്തിയത്. 
അച്ഛന്റെയും വെണ്ണിക്കുളത്തിന്റെയും തിറുക്കുറൾ വിവർത്തനവും സഹായകമായി. തിരുക്കുറൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ആദ്യ വനിത ഞാനാണെന്ന് അറിയുന്നത് ഇതിനെല്ലാം ശേഷമാണ്.
തവള രാജകുമാരി എന്ന ബാലസാഹിത്യ കൃതി
എന്റെ രണ്ടാമത്തെ ബാലസാഹിത്യ രചനയാണ് 'തവള രാജകുമാരി" . കുട്ടികൾക്കായി ഐ.എസ്.ആർ.ഒ മുൻ ചെയർമാനും എന്റെ അമ്മാവനുമായ ഡോ. ജി മാധവൻ നായരുടെ ജീവചരിതം 'അമ്പിളി മാമൻ" എന്ന പേരിൽ പ്രസിദ്ധീകരിച്ചതാണ് ആദ്യ കൃതി.
ബാലസാഹിത്യത്തോട് എനിക്ക് വലിയ താല്പര്യമാണ്. കഥകൾ പറയാനും കേൾക്കാനും ഇഷ്ടമാണ്. കഥകൾ പറഞ്ഞു കൊടുക്കുമ്പോൾ കുട്ടികളിൽ ഉണ്ടാകുന്ന സംശയങ്ങൾക്ക് മറുപടി നൽകുന്നത് ആസ്വദിക്കുന്ന ആളാണ് ഞാൻ. ഇന്നെനിക്ക് കഥകൾ പറഞ്ഞു കൊടുക്കാൻ ആളില്ല. ആ സങ്കടങ്ങൾ മറി കടക്കുന്നത് ഇതുപോലെ പുസ്തകങ്ങൾ എഴുതുമ്പോഴാണ്. കൊച്ചു മകൾക്ക് കഥകൾ പറഞ്ഞു കൊടുക്കാൻ പറ്റാത്തതിലുള്ള നിരാശയുണ്ട്. വിദേശത്തുള്ള അവൾ വായിക്കണം എന്ന താല്പര്യത്തോടു കൂടിയാണ് തവള രാജകുമാരി എഴുതിയത്.
വിവർത്തനത്തിൽ മാത്രം ഒതുങ്ങരുതെന്ന് പലരും അഭിപ്രായപ്പെട്ടു തുടങ്ങിയപ്പോഴാണ് 'ഒരു നൊമ്പരം" എന്ന ചെറുകഥാ സമാഹാരം എഴുതിയത്. പിന്നീടെഴുതിയ അമ്പിളിമാമൻ, വനരോദനം ഇപ്പോൾ എഴുതിയ തവള രാജകുമാരി എന്നിവയാണ് സ്വതന്ത്ര രചനകൾ.
കരുണാനിധിയുടെ ആത്മകഥ
തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധി സാറിന്റെ ആത്മകഥയായ നെഞ്ചുക്ക് നീതിയുടെ വിവർത്തനത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട തിരക്കിലാണ് ഇപ്പോൾ. ആറു ഭാഗങ്ങൾ ഉള്ള പുസ്തകത്തിന്റെ ആദ്യ ഭാഗം പൂർത്തിയാക്കി. ഡി.എം.കെ യുടെ രൂപീകരണവും പാർട്ടി വളർച്ചയുടെ ചരിത്രവുമാണ് ആദ്യഭാഗത്ത് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
നെയ്ത്തുകാരന്റെ ജീവിത്തെക്കുറിച്ചു പറയുന്ന, വെണ്ണില എന്ന എഴുത്തുകാരിയുടെ 'സാലാംപുരി" പരിഭാഷപ്പെടുത്തുകയാണ് അടുത്ത ദൗത്യം.
അംഗീകാരങ്ങൾ
ആദ്യ അംഗീകാരം ലഭിക്കുന്നത് ഹിന്ദി പ്രചാര സഭയുടെ ഭാഗത്തു നിന്നാണ്. തമിഴ്നാട് സർക്കാരിന്റെ 'തിരുക്കുറൾ ദൂതിക", ഭാരത് ഭവന്റെ സ്പെഷ്യൽ ജൂറി അവാർഡ്, തമിഴ് സംഘത്തിന്റെ ഉള്ളൂർ സ്മാരക അവാർഡ്, ദിശ എട്ടും,ലൈബ്രറി കൗൺസിൽ എന്നിവയുടെ അംഗീകാരങ്ങളൊക്കെ ലഭിച്ചിട്ടുണ്ട്. 2020 ൽ യാമം എന്ന നോവൽ കേരള സാഹിത്യ അക്കാദമി അവാർഡിന് പരിഗണിച്ചിരുന്നു.
കുടുംബം
പരേതനായ കെ.ജി ചന്ദ്രശേഖരൻ നായരും സരോജിനി അമ്മയുമാണ് മാതാപിതാക്കൾ. ബിസിനസുകാരനായ കെ.രവീന്ദ്രനാണ് ഭർത്താവ്. മകൻ ഡോക്ടർ ശരത് രവീന്ദ്രൻ, മരുമകൾ ഡോക്ടർ ആരതി, കൊച്ചു മകൾ സാത്വിക ശരത് എന്നിവർ വിദേശത്താണ്. മൂന്നു സഹോദരങ്ങളുമുണ്ട്.