
ചിറയിൻകീഴ്: ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിന്റെ പടിഞ്ഞാറ് ഭാഗത്തെ റോഡിൽ തെരുവ് വിളക്കുകൾ കത്താത്തത് യാത്രക്കാർക്ക് പൊല്ലാപ്പാകുന്നു. പ്ലാറ്റ്ഫോമിന് സമാന്തരമായ റോഡിലെ സ്ട്രീറ്റ് ലൈറ്റുകളാണ് മാസങ്ങളായി മിഴിയടച്ചത്. പരാതികൾ ഒത്തിരിയായിട്ടും കെ.എസ്.ഇ.ബി അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ദിനംപ്രതി ആയിരങ്ങൾ വന്നുപോകുന്ന ചിറയിൻകീഴ് താലൂക്കിലെ ഏറ്റവും വരുമാനമുള്ള സ്റ്റേഷനാണ് ചിറയിൻകീഴ്. സന്ധ്യയ്ക്ക് ശേഷം ചിറയിൻകീഴിൽ സ്റ്റോപ്പുള്ള മലബാർ, മധുര, മംഗലാപുരം, വേണാട്, ഗുരുവായൂർ എന്നീ എക്സ്‌പ്രസ് ട്രെയിനുകളിൽ വന്നിറങ്ങുന്ന യാത്രക്കാർ രണ്ടാം പ്ലാറ്റ്ഫോമിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് പോകാൻ പെടുന്ന പാട് ചില്ലറയൊന്നുമല്ല. ഈ റോഡിൽ തെരുവ് ലൈറ്റുകൾ കത്താത്തത് കാരണം സന്ധ്യയാകുമ്പോൾ തന്നെ കുറ്റാകുറ്റിരുട്ടാണ്. പണ്ടകശാല, ആനത്തലവട്ടം, പുതുക്കരി തുടങ്ങിയ ഭാഗങ്ങളിലുള്ളവർക്ക് റെയിൽവേ സ്റ്റേഷനിൽ എത്താനുള്ള പ്രധാന റോഡ് കൂടിയാണിത്. എത്രയും വേഗം ഇവിടെ തെരുവുവിളക്കുകൾ കത്തിക്കുന്നതിനുവേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം.
റോഡിൽ വെളിച്ചമില്ല
ഈ റോഡിൽ പ്രവേശിക്കുന്നവർക്ക് വെളിച്ചം കാണണമെങ്കിൽ സമീപത്തെ വീടുകളാണ് ആശ്രയം. മിക്ക വീടുകളിലും മതിൽ കെട്ടിനകത്തായതിനാലും റോഡുമായി അല്പം അകലെയായതിനാലും വീടുകളിലെ പ്രകാശം റോഡിൽ എത്തുകയില്ല. മൺപാതയായ ഈ റോഡിന്റെ അവസ്ഥയും പരമ ദയനീയമാണ്. കുന്നും കുഴിയുമായ റോഡിൽ മഴക്കാലമായാൽ ദിവസങ്ങളോളം വെള്ളം കെട്ടിക്കിടക്കും. തെരുവ് ലൈറ്റുകൾ കത്താത്തതുമൂലം ഇതുവഴി സഞ്ചരിക്കുന്നവർ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ചവിട്ടുന്നതും വഴുതി വീഴുന്നതും ഒക്കെ ആവർത്തിക്കപ്പെടുകയാണ്.
തെരുവ്നായ്ക്കളും ഇഴജന്തുക്കളും
വെളിച്ചക്കുറവ് കാരണം രാത്രികാലങ്ങളിൽ ട്രെയിനിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് ഈ റോഡിലേക്ക് പ്രവേശിക്കാൻ പോലും പറ്റാത്ത അത്ര ഇരുട്ടാണ്. മുൻകാലങ്ങളിൽ ഇരുട്ടിന്റെ മറവിൽ ഇവിടെ മാല മോഷണം അടക്കമുള്ള പിടിച്ചുപറികളും അരങ്ങേറിയിട്ടുണ്ട്. പോരാത്തതിന് പ്ലാറ്റ്ഫോമിന്റെ ഓരങ്ങളിൽ വേസ്റ്റുകൾ തള്ളുന്നതിനാൽ തെരുവ് നായ്ക്കളുടെ സ്വൈര്യവിഹാര കേന്ദ്രമാണ് ഇവിടം. ആഹാരത്തിനായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കൾ ഇരുട്ടിന്റെ മറപിടിച്ച് യാത്രക്കാർക്ക് നേരെ ചാടി വീഴുന്നതും ഇവിടെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ പ്രദേശത്ത് ചെറിയ കുറ്റിച്ചെടികൾ വളർന്ന് വൃത്തിശൂന്യമായ അന്തരീക്ഷമായതിനാൽ ഇവിടെ ഇഴജന്തുക്കളുടെ ശല്യവും ഉണ്ട്.