
കഷായത്തിന് കയ്പ് ഏറ്റവും കൂടുന്നത് അവസാനത്തെ ചണ്ടിയിലെത്തുമ്പോഴാണ് - ഹോചിമീന്റെ കവിതാശകലം ചൊല്ലിയിട്ട് കേശവൻകുട്ടി കൂട്ടുകാരോട് ചോദിക്കും: ജീവിതവും അങ്ങനെയല്ലേ? കാലത്തിന്റെ ഏറ്റവും കയ്‌പേറിയ കഷായമല്ലേ വാർദ്ധക്യം? കുടിച്ചിറക്കാനും വയ്യ, തുപ്പിക്കളയാനും വയ്യ. കണ്ണടച്ച് കുടിച്ചിറക്കുകതന്നെ. പിന്നെ ചുറ്റുമുള്ളവരെ നോക്കി കരിമ്പിൻനീര് കുടിച്ച മട്ടിൽ പുഞ്ചിരിക്കണം. പഴയ പത്താംക്ളാസുകാരനായ കേശവൻകുട്ടിക്ക് ഏറ്റവും പ്രിയം കവിതയാണ്. സ്വന്തം അനുഭവങ്ങൾ കുടുംബത്തിന്റെ സല്പേര് കരുതി ദൂരെയുള്ള ഒരു സുഹൃത്തിന്റെ അനുഭവമെന്ന പേരിൽ അവതരിപ്പിക്കും. ഏറ്റവുമടുത്ത സുഹൃത്തുക്കൾക്കു മാത്രമേ അത് കേശവൻകുട്ടിയുടെ എഴുതപ്പെടാത്ത ആത്മകഥയിലെ ഒരു താളാണെന്ന് പിടികിട്ടൂ.ഓരോ രാജ്യത്തെയും നാണയത്തിന്റെ വിനിമയ നിരക്ക് വ്യത്യസ്തമായിരിക്കും. രൂപ, ഡോളർ, പൗണ്ട്, യുവാൻ എന്നിവയുടെ വിനിമയ നിരക്ക് എത്ര വ്യത്യാസമാണ് - കേശവൻകുട്ടി പറഞ്ഞുതുടങ്ങിയപ്പോഴേ അയൽക്കാരനായ കണ്ണപ്പന് കാര്യം പിടികിട്ടി. ഏതോ കയ്‌പേറിയ ജീവിതാനുഭത്തിലേക്കുള്ള പോക്കാണെന്ന്.
വിഷുവിന് മുത്തച്ഛനോ മുത്തശ്ശിയോ സ്നേഹത്തോടെ നൽകിയ വിഷുക്കൈനീട്ടത്തിന്റെ വിനിമയ നിരക്ക് എത്രയായിരിക്കും. അതു ഡോളറിലാക്കിയാൽ എത്ര തുച്ഛമായിരിക്കും. പുതിയ തലമുറയിൽത്തന്നെ നല്ല മനസും ചിന്തയുമുള്ളവർ അതിനെ നൂറുകൊണ്ട് ഗുണിച്ചായിരിക്കും കണക്കാക്കുക. മക്കളൊക്കെ നല്ല നിലയിലായി നാലക്കവും അഞ്ചക്കവുമൊക്കെ ശമ്പളം വാങ്ങുന്നവർ. അവരിൽ പലരും കരുതലോടെ പണം സൂക്ഷിക്കുന്നവർ. സുഹൃത്തായ പ്രതാപൻ ഭാഗ്യവാനാണ്. അച്ഛന് പണം വല്ലതും വേണോ എന്ന് മക്കൾ വല്ലപ്പോഴും ഭംഗിവാക്ക് ചോദിക്കും. എന്റെ കൈയിൽ കാശുണ്ട് എന്ന സ്ഥിരം പല്ലവി പ്രതാപൻ ആവർത്തിക്കും. മക്കൾക്കും സന്തോഷം. പ്രതാപനും സന്തോഷം. പാടത്തും വരമ്പത്തും നാലഞ്ചു ദശാബ്ദം അക്ഷീണം പ്രയത്നിച്ച പ്രതാപന് സർക്കാരിന്റെ 1600 രൂപ പെൻഷൻ കിട്ടുന്ന ദിവസം ഉത്സവമാണ്. പേരക്കുട്ടികൾക്ക് ഇഷ്ടപ്പെട്ട മിഠായികൾ. വിലപേശി മീൻ വാങ്ങും. സ്വന്തം കീശയിലെ കാശുകൊണ്ട്. വാങ്ങുന്ന തേനിന് മധുരം കൂടുമെന്ന പക്ഷക്കാരനാണ് പ്രതാപൻ. ഒരു ദിവസം രണ്ട് അയില മീനും വാങ്ങി വന്നപ്പോൾ മരുമകൾ നീരസം പ്രകടിപ്പിച്ചു. ഫ്രിഡ്ജിൽ നെമ്മീനും ആവോലിയുമൊക്കെ ഇരിക്കയാണ്. ഇതാര് കൂട്ടാനാ. എന്തായാലും വാങ്ങിക്കൊണ്ടുവന്ന സ്ഥിതിക്ക് ഡോളിക്ക് കൊടുക്കാം. ഇരുപതിനായിരം രൂപ കൊടുത്തു വാങ്ങിയ പൂച്ചയാ. പണ്ട് നൂറുമേനി കൊയ്‌ത നെല്ലിൻകൂമ്പാരം കണ്ട് ആഹ്ളാദനൃത്തമാടിയ മനസ് മുടന്തിയ പോലെ. വൈകിട്ട് കണ്ടപ്പോൾ പ്രതാപൻ മനസ് തുറന്നു. ഓരോ പ്രായത്തിലും സ്വന്തം പോക്കറ്റിലെ പണത്തിന്റെ വിനിമയ നിരക്കും മാറുമായിരിക്കും. ഇഷ്ടപ്പെട്ട ഒരു കളിപ്പാട്ടം കുട്ടിക്കാലത്ത് കരഞ്ഞ് വിളിച്ച് രക്ഷിതാക്കളെക്കൊണ്ട് വാങ്ങിക്കുമ്പോൾ കിട്ടുന്ന സുഖം ലക്ഷങ്ങൾ സമ്പാദിച്ചശേഷം വാങ്ങുന്ന ഒരു വസ്തുവിനുണ്ടാകുമോ? കേശവൻകുട്ടി ചോദിച്ചു.പണ്ട് നൂറുമേനി വിളഞ്ഞ പാടങ്ങൾ ഫ്ളാറ്റുകളും ആഡംബര വീടുകളും ചവിട്ടിത്താഴ്‌ത്തിയിരിക്കും. സുഖത്തിന്റെ നൂറുമേനി വിളഞ്ഞ നല്ല കാലവും വാർദ്ധക്യത്തിന്റെ ചതുപ്പിനടിയിലായിരിക്കുന്നു. 1600 രൂപയിൽ ഒരു മാസം ഉത്സവം ആഘോഷിക്കുന്ന പ്രതാപൻ അന്നു തന്നെ മുന്നിൽ ഭിക്ഷയാചിച്ചു വന്ന വൃദ്ധന്റെ പാത്രത്തിലേക്ക് ഒരു നൂറ് രൂപയിട്ടു. ഭിക്ഷക്കാരൻ അതിശയത്തോടെ പ്രതാപനെ നോക്കിയത്രെ. പ്രതാപൻ അയാളെയും അതിശയത്തോടെ നോക്കി. ആ നൂറു രൂപയുടെ വിനിമയ നിരക്ക് എത്രയായിരിക്കും? കേശവൻകുട്ടി ചോദ്യം ആവർത്തിച്ചുകൊണ്ടിരുന്നു.
(ഫോൺ: 9946108220)