
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സംവിധാനമായ കേരള സവാരിയുടെ നിരക്ക് വർദ്ധിപ്പിച്ചേക്കും. ഡ്രൈവർമാരുടെ പരാതിയെ തുടർന്നാണിത്. നിരക്ക് വർദ്ധന പഠിക്കാൻ നിയോഗിച്ച ലേബർ കമ്മിഷണർ അദ്ധ്യക്ഷയായ സമിതി റിപ്പോർട്ട് ലഭിച്ച ശേഷമാകും അന്തിമ തീരുമാനം.
ഓട്ടോ, ടാക്‌സി നിരക്കിന് സമാനമായ നിരക്കാണ് നിലവിൽ. എട്ട് ശതമാനം സർവീസ് ചാർജുമുണ്ട്. ഇത് നഷ്ടമാണെന്നാണ് പദ്ധതിയിൽ പങ്കാളികളായ ഡ്രൈവർമാരുടെ പരാതി. സ്വകാര്യ ഓൺലൈൻ ടാക്സി കമ്പനികൾ നൽകുന്ന തുക തങ്ങൾക്ക് കേരള സവാരിയിൽ നിന്ന് ലഭിക്കുന്നില്ലെന്നും പറയുന്നു.
സർവീസ് ചാർജായി ഈടാക്കുന്ന എട്ടു ശതമാനം തുക പദ്ധതി നടത്തിപ്പിനും യാത്രക്കാർക്കും ഡ്രൈവർമാർക്കും പ്രൊമോഷണൽ ഇൻസെന്റീവ് നൽകുന്നതിനും മറ്റുമായാണ് ഉപയോഗിക്കുന്നത്. സ്വകാര്യ ഓൺലൈൻ ടാക്‌സി സർവീസുകൾ 25 ശതമാനത്തിലേറെയാണ് സർവീസ് ചാർജായി ഈടാക്കുന്നത്.
കേരള സവാരിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് നിരക്ക് വർദ്ധനയെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചത്. പൊലീസ്, ഗതാഗതം, ലീഗൽ മെട്രോളജി, നാറ്റ്പാക്, പാലക്കാട് ഐ.ടി.ഐ, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവയുടെ പ്രതിനിധികളാണ് സമിതിയംഗങ്ങൾ. 600ഓളം ഡ്രൈവർമാർ പദ്ധതിയിൽ പങ്കാളികളാണെന്ന് പറയുമ്പോഴും പൂർണമായി സഹകരിക്കുന്നത് നൂറിൽ താഴെ മാത്രമാണെന്നാണ് സൂചന.