റോട്ടറി ഇന്റർനാഷണൽ ഗവർണറായിരിക്കുമ്പോഴും ബാബുമോൻ
നടപ്പിലാക്കുന്ന പദ്ധതികൾ പാവപ്പെട്ടവരെ ചേർത്തുനിറുത്തിയുള്ളതാണ്

കുന്നോളം പണം കൂട്ടിയിട്ടോ ഒരുപാട് സ്വത്തുണ്ടാക്കിയിട്ടോ കാര്യമില്ല, നമ്മൾ കാരണം മറ്റൊരാളുടെ ചുണ്ടിൽ പുഞ്ചിരി വിരിയിക്കാൻ കഴിയണം അതാണ് ജീവിത വിജയം" ചേർത്തല സ്വദേശി കെ. ബാബുമോൻ തന്റെ ജീവിതത്തിലുടനീളം മുറുകെപ്പിടിക്കുന്ന ലക്ഷ്യമാണിത്. ഇന്ന് റോട്ടറി ഇന്റർനാഷണൽ ഗവർണറായിരിക്കുമ്പോഴും ബാബുമോൻ നടപ്പിലാക്കുന്ന പദ്ധതികൾ പാവപ്പെട്ടവരെ ചേർത്തുനിറുത്തിയുള്ളതാണ്. അമൃത ബിൽഡേഴ്സ് എന്ന കൺസ്ട്രക്ഷൻ കമ്പനി നടത്തുമ്പോഴും കുടുംബവും സേവനവും ഒപ്പം കൊണ്ടുപോകുന്നതെങ്ങനെയെന്ന ചോദ്യത്തിന് ഇതെല്ലാം കർമ്മ മേഖലയാണെന്ന മറുപടിയാണ് ബാബുമോൻ നൽകുക.
മറ്റുള്ളവർക്ക് കൈത്താങ്ങാകണം
അച്ഛൻ കൃഷ്ണനുണ്ണി, അമ്മ ശാന്തമ്മ. അച്ഛന്റെ മരണശേഷം ചെറിയ സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു.ഇക്കഴിഞ്ഞ 21നാണ് അമ്മ ഞങ്ങളെ വിട്ടുപോയത്. അമ്മയുടെ ആത്മവിശ്വാസവും നിശ്ചയദാർഢ്യവും എനിക്ക് ജീവിതത്തിൽ ഒരുപാട് ആത്മവിശ്വാസം തന്നിട്ടുണ്ട്. ഞങ്ങൾ മൂന്നു മക്കളായിരുന്നു. പഠനത്തിൽ മികവു പുലർത്തിയതുകൊണ്ട് എന്നെ സഹായിക്കാനായി എൻ.എസ്.എസ് മുന്നോട്ടുവന്നു. ചേർത്തല എൻ.എസ്.എസ് ഹൈസ്കൂളിലും എൻ.എസ്.എസ് കോളേജിലും തുടർന്ന് കോതമംഗലം എം.എ കോളേജിലും എൻജിനീയറിംഗ് പഠിത്തം കഴിഞ്ഞ് എ.വി.ടിയുടെ സത്യമംഗലം ബ്രാഞ്ചിൽ സിവിൽ എൻജിനീയറായി. ജോലിയിലെ മികവു കണ്ട് കമ്പനി സ്വന്തമായി ഒരു സിവിൽ കൺസ്ട്രക്ഷൻ കമ്പനി തുടങ്ങാൻ പ്രോത്സാഹിപ്പിച്ചു. കേരളത്തിലെ പ്രായം കുറഞ്ഞ എ ക്ലാസ് കോൺട്രാക്ടർ എന്ന ബഹുമതിയും ലഭിച്ചു. ഇന്ന് അത് അമൃത ബിൽഡേഴ്സ് എന്ന ബ്രാൻഡ് നെയിമായി വളർന്നു. എനിക്ക് ലഭിച്ചപോലൊരു കൈത്താങ്ങ് മറ്റുള്ളവരുടെ ജീവിതത്തിലും ഉണ്ടാകണമെന്ന ചിന്തയാണ് കേരള ചേമ്പർ ഒഫ് കൊമേഴ്സ് വൈസ് ചെയർമാൻ, കെ.എം.എയിലെ ലൈഫ് മെമ്പർ, വൈ.എം.സി.എ ലോഡ്ജ് സർവോത്തം  എന്നീ പ്രസ്ഥാനങ്ങൾ കൂടാതെ എന്നെ റോട്ടറി ഇന്റർനാഷണൽ സർവീസ് സംഘടനയിലും എത്തിച്ചത്. പ്രധാനമന്ത്രിയിൽ നിന്നും കേരള ഗവർണറുടെ കൈയിൽ നിന്നും മറ്റു പ്രസ്ഥാനങ്ങളിൽ നിന്നുമായി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. സംഘടനയ്ക്കപ്പുറം ഇതിലെ പരസ്പര കൂട്ടായ്മ നൽകുന്ന ശക്തി വളരെ വലുതാണെന്ന് ജീവിതത്തിൽ പലപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്.
ഒരിക്കൽ ഒരു ട്രെയിൻ യാത്രയിൽ വിജയവാഡയ്ക്ക് സമീപം വച്ച് ഒരു പതിനാലുകാരന് ദേഹാസ്വാസ്ഥ്യമുണ്ടായി. ട്രെയിനിൽ തിരക്കിയിട്ട് ഡോക്ടർമാരെ കിട്ടിയില്ല. തങ്ങളുടെ വാട്സ് ആപ്പ് കൂട്ടായ്മയിൽ മെസേജ് ഇട്ടതും തൊട്ടടുത്ത സ്റ്റേഷനിൽ എന്റെ ഗവർണേഴ്സ് ബാച്ച് മേറ്റ് ഡോ. ആനന്ദിന്റെ ആശുപത്രിയിലെ ഡോക്ടറും രണ്ട് നഴ്സുമാരും എത്തി. ആവശ്യമായ ചികിത്സ നൽകി കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. അന്ധനായ എട്ടുവയസുകാരനെ അരവിന്ദ് കണ്ണാശുപത്രിയിൽ കൊണ്ടുപോയി സർജറി നടത്തിച്ചതും റോട്ടറി കൂട്ടായ്മയിലാണ്. കാഴ്ച തിരികെ കിട്ടിയ അവന്റെ സന്തോഷത്തിന് പകരം വയ്ക്കാൻ ഒന്നുമില്ല. നിലവിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളുടെ ചുമതലയാണ് എനിക്ക്. ഇവിടെല്ലാം കൂടി 160നുമേൽ ക്ളബുകളും 6000 ത്തോളം അംഗങ്ങളുമുണ്ട്. എല്ലാവരും പരസ്പരം കണക്ടഡാണ് എന്നതാണ് മറ്റൊരു സവിശേഷത. റോട്ടറിയുടെ ഭവനപദ്ധതിയായ സ്നേഹവീടിലൂടെ ഒരു വർഷത്തിൽ ആയിരം വീട് നിർമ്മിച്ചുനൽകാനായി, ഹെൽത്തി ഹാപ്പി ചിൽഡ്രൻ പദ്ധതിയിലൂടെ 5 ലക്ഷം കുട്ടികൾക്കായി നേത്ര ക്യാമ്പുകളും ഡെന്റൽ കെയർ, ചെവി പരിശോധന, മയക്കുമരുന്നിനെതിരെ ബോധവത്കരണം, കരിയർ ഗൈഡൻസ് കൗൺസലിംഗ് നൽകുക തുടങ്ങി നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. അതോടൊപ്പം വാത്സല്യം പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 50 കുട്ടികളെ വീതം എം.ബി.ബി.എസിനും അഞ്ചുവർഷത്തെ ഫീസ് നൽകി പഠിപ്പിക്കും. 50 കുട്ടികളെ സിവിൽ സർവീസ് കോച്ചിംഗിനായി മുൻ അംബാസഡർ ടി.പി ശ്രീനിവാസൻ നേതൃത്വം നൽകുന്ന എൻ.എസ്.എസ് സിവിൽ സർവീസ് അക്കാഡമിയിൽ പഠിപ്പിക്കുന്നുണ്ട്. പരിണയം പദ്ധതിയിലൂടെ ഭിന്നശേഷിക്കാരുടെ മക്കളോ ഭിന്നശേഷിക്കാരായ യുവതി യുവാക്കളോ ആയ 50 ജോഡികളുടെ വിവാഹം നടത്തിക്കൊടുക്കും. ഒരു ലക്ഷം വീതമാണ് ഒരു ദമ്പതികളുടെ ചെലവ്. കൊവിഡ് സമയത്ത് 40 വെന്റിലേറ്ററുകൾ കൈമാറി, ഡയാലിസിസ് യൂണിറ്റുകൾ, ബ്ലഡ് ബാങ്ക്, കുട്ടനാട്ടിൽ കുടിവെള്ളത്തിനായി പ്ളാന്റുകൾ തുടങ്ങിയവ അടുത്ത കാലത്തു നൽകിയതാണ്.
നെഗറ്റീവ് ആൾക്കാരുടെ അടുത്ത് നിന്നും മാറി നിൽക്കാൻ ശ്രമിക്കും
നെഗറ്റീവ് എനർജിയോ വാക്കുകളോ നോട്ടമോ ഉണ്ടായാൽ പോലും ആ പ്രദേശത്തു നിന്ന് മാറി നിൽക്കും. സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന വിശ്വാസക്കാരനാണ്. പ്രശ്നങ്ങളും പ്രതിസന്ധികളും വരുമ്പോൾ ഒളിച്ചോടാതെ തരണം ചെയ്യുകയാണ് വേണ്ടത്. ഒരു പാട് അനുഭവങ്ങളാണ് ഇത്തരമൊരു ധൈര്യം ജീവിതത്തിൽ തന്നത്. സ്വയം വളരണമെന്നും മറ്റുള്ളവർക്ക് തണലാകണമെന്ന് ആഗ്രഹം ഉള്ളിലുണ്ടായിരുന്നതുകൊണ്ടാണ് പ്രതിസന്ധികളെ പാലമാക്കി പഠിച്ച് മുന്നേറാൻ കഴിഞ്ഞത്. സഹായം തേടി എത്തുന്നവരെയും മുന്നോട്ട് കൈപിടിച്ച് നടത്താനായത്. മെഡിസിനും സിവിൽ സർവീസിനുമൊക്കെ പഠിക്കുന്ന കുട്ടികൾ പഠിച്ചിറങ്ങുമ്പോൾ ഉറപ്പായും സേവനരംഗത്തും അവരുടെ സേവനം പാവപെട്ട ജനങ്ങൾക്ക് ലഭിക്കും എന്നതിൽ സംശയമില്ല. നമ്മളെ കൊണ്ട് സഹജീവി സ്നേഹമുള്ള മനുഷ്യരെ സമൂഹത്തിൽ ഇറക്കി വിടാൻ കഴിയുന്നു എന്നതു തന്നെ വലിയ കാര്യമല്ലേ. എന്നാൽ, സഹായം തേടി ആ വഴി തന്നെ പോകുന്നവരുമുണ്ട്. നിർബന്ധിച്ച് ആരെയും ഒന്നിനും കൊണ്ടുവരരുത് എന്നതാണ് എന്റെ നിലപാട്. അത് മക്കളോടായാൽ പോലും അങ്ങനെയാണ്. പഠിത്തമായാലും ജോലിയായാലും സേവനമായാലും ഇഷ്ടപ്പെട്ട് ചെയ്യുമ്പോഴാണ് അതിൽ മികച്ചവരാകാൻ കഴിയുന്നത്. സൂര്യനെ പോലെ ലോകത്തു മുഴുവൻ പ്രകാശം പരത്താൻ കഴിയണം അല്ലാതെ സ്വന്തം ആവശ്യത്തിന് മാത്രം പ്രകാശം പരത്തുന്ന മിന്നാമിനുങ്ങാകരുത്.
 പിന്തുണയുമായി മറുപാതി
ടെൻഷൻ നിറഞ്ഞ ബിസിനസ് ലോകത്ത് ശ്രദ്ധപതിപ്പിക്കാനും സേവന മേഖലയിൽ വ്യാപൃതനാകാനും എനിക്ക് കഴിയുന്നത് ഭാര്യ ബീന ബാബുവിന്റെ ഉറച്ച പിന്തുണയുള്ളതുകൊണ്ടാണ്. ഗുജറാത്തിൽ വളർന്ന ബീന ബാബു എം.സി.എ കഴിഞ്ഞു നിലവിൽ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കംപ്യൂട്ടർ എഡ്യുക്കേഷന്റെ മാനേജിംഗ് ഡയറക്ടറാണ്. സേവനരംഗത്ത് ഭർത്താവിനൊപ്പം തന്നെ ബീന ബാബുവും സജീവമാണ്. മകൾ അമൃത ബാബു ഭുവനേശ്വറിൽ രണ്ടാംവർഷം എം .ബി .ബി .എസ് മെഡിക്കൽ വിദ്യാർത്ഥിനിയാണ്. മകൻ രാഹുൽ ബാബു പാലായിലെ ചവറ പബ്ളിക് സ്കൂളിലെ 12ാം ക്ളാസ് വിദ്യാർത്ഥി. അച്ഛന്റെ പാത പിന്തുടർന്ന് മക്കളും സേവനരംഗത്ത് സജീവമാണ്.
u