road

വിതുര: വെള്ളനാട്-ചെറ്റച്ചൽ സ്പെഷ്യൽ പാക്കേജ് റോഡിൽ പേരയത്തുപാറ മുതൽ ചായം-ചെറ്റച്ചൽ വരെയുള്ള റോഡിൽ അപകടങ്ങൾ തുടർക്കഥയായി മാറിയിട്ടും അധികൃതർ മുഖം തിരിക്കുന്നതായി ആക്ഷേപം. ടിപ്പർ ലോറികൾ മുതൽ ബൈക്കുകൾ വരെ ഇതുവഴി അമിതവേഗതയിലാണ് പായുന്നത്. ഇത് വിദ്യാർത്ഥികളുൾപ്പെടെയുള്ളവർക്ക് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

വിതുരയിലെയും സമീപപ്രദേശങ്ങളിലേയും സ്കൂളുകളിലെ നൂറുകണക്കിന് വിദ്യാർത്ഥികളും പാലോട്,നെടുമങ്ങാട്,ആര്യനാട് ഭാഗത്തേക്കുമായി നൂറുകണക്കിന് വാഹനങ്ങളും ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്.

സ്കൂൾ പരിസരത്തുവരെ ബൈക്കുകളും ടിപ്പറുകളും അപകടം വിളിച്ചോതി അമിതവേഗതയിൽ പായുന്നതും പതിവ് കാഴ്ചയാണ്.ബൈക്ക് റേസിംഗ് സംഘങ്ങൾ റോഡിൽ വിലസാൻ തുടങ്ങിയിട്ട് മാസങ്ങേറയായി. ഇതുസംബന്ധിച്ച് നാട്ടുകാർ പല തവണ പൊലീസിന് പരാതി നൽകിയിരുന്നു. വിതുര പൊലീസീസിന്റെ സത്വര ശ്രദ്ധ ഈ ഭാഗത്തേക്ക് പതിയണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ചാരുപാറ-ചായം റോഡിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ബൈക്ക് റേസിംഗും

ഈ റോഡിൽ ബൈക്ക് റേസിംഗ് സംഘങ്ങൾ സജീവമാണ്.സന്ധ്യമയങ്ങിയാൽ റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നാണ് നാട്ടുകാരുടെ പരാതി.ബൈക്കിന്റെ ഘടനമാറ്റിമറിച്ച് അമിത ശബ്ദം പുറപ്പെടുവിച്ചാണ് ഇരുചക്രവാഹനങ്ങൾ ഇതിലൂടെ ചീറിപ്പായുന്നത്. സൂക്ഷിച്ച് നടന്നുപോയില്ലെങ്കിൽ ഇടി ഉറപ്പാണ്.ടിപ്പറുകളുടെയും ബൈക്കുകളുടെയും ആധിക്യവും അമിതവേഗവും മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും പറയുന്നു.

മരണം പതിയിരിക്കുന്നിടം

ചായം-ചാരുപാറ മേഖലകളിൽ മൂന്ന് പ്രധാന സ്കൂളുകളാണ് പ്രവർത്തിക്കുന്നത്.ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുവാൻ എത്തുന്നത്.പ്രസിദ്ധമായ ചായം ശ്രീഭദ്രകാളിക്ഷേത്രവും ഈ റോഡിന്റെ പരിധിയിലാണ്. നേരത്തേ ക്ഷേത്ര ജംഗ്ഷൻ സമീപത്തുവച്ച് സ്കൂട്ടർ അപകടത്തിൽ ഒരു വിദ്യാർത്ഥിനിയും ചായം ദർപ്പയിൽ നടന്ന അപകടങ്ങളിലായി രണ്ട് പേരും മരിച്ചിട്ടുണ്ട്. മാത്രമല്ല ചാരുപാറ എം.ജി.എം പൊൻമുടി വാലി സ്കൂളിന് സമീപം ഓട്ടോറിക്ഷ കുഴിയിൽ വീണ് നാലു പേർക്ക് പരിക്കേറ്റിരുന്നു. ചായം ജംഗ്ഷനിലും ഇതിന് ശേഷം അനവധി തവണ ബൈക്കപകടങ്ങൾ അരങ്ങേറിയിരുന്നു.

കൈയേറ്റം വ്യാപകം
ഈ റൂട്ടിൽ പുറമ്പോക്ക് ഭൂമി കൈയേറി വ്യാപകമായി നിർമ്മാണം നടത്തിയിരിക്കുന്നതും ദൃശ്യമാണ്. അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ കണ്ടിട്ടും യാതൊരു നടപടികളും അധികാരികൾ സ്വീകരിക്കാറില്ലെന്നും ആക്ഷേപമുണ്ട്. ചെറ്റച്ചൽ -വെള്ളനാട് സ്പെഷ്യൽ പാക്കേജ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ചില മേഖലകളിൽ ഭൂമി ഇടിച്ചെങ്കിലും മറ്റിടങ്ങളിൽ പുറമ്പോക്ക് ഒഴിപ്പിച്ചില്ലെന്ന പരാതിയുമുണ്ട്. ഈ ഭാഗങ്ങളിൽ റോഡിന് അനവധി വളവുകളും വേണ്ടത്ര വീതിയുമില്ല.