
തിരുവനന്തപുരം : വെളളായണി ജംഗ്ക്ഷൻ മുതൽ നെടുംകുളത്തിന്റെ കിഴക്കുതെക്കു ഭാഗത്തുകൂടി പളളിക്കുളത്തിന്റെ സമീപത്തുകൂടി വെളളം കൃഷിക്കാർക്ക് സുഗമമായി എത്തിയ്ക്കുന്നതിനായി നിർമ്മിച്ച ശാന്തിവിള - പൊന്നുമംഗലം കാഡ തോട് മാലിന്യം അടിഞ്ഞ് ശോച്യാവസ്ഥയിലാണെന്നും തോട് നവീകരിക്കണമെന്നും ആവശ്യപ്പെട്ട് ശാന്തി റസിഡന്റസ് അസോസിയേഷൻ കോർപ്പറേഷൻ അധികൃതർക്ക് പരാതി നൽകി. ഇരുവശത്തെയും വീടുകളും സ്ഥാപനങ്ങളും ഒഴുക്കി വിടുന്ന ട്രെയിനേജ് മാലിന്യങ്ങളും തോട്ടിലേക്കാണ് ഒഴുക്കുന്നത്. പഴയ കാരമണ്ഡപത്തിൽ നിന്നും പാലോട്ട് ഇടവഴി റോഡിലേയ്ക്ക് എത്തിച്ചേരുന്ന ഭാഗത്ത് തോടിന്റെ 200 മീറ്റർ ദൂരം പൊളിഞ്ഞു കിടക്കുന്നതിനാൽ ദുർഗന്ധം വമിക്കുന്ന മാലിന്യം കലർന്ന വെളളം റോഡിലൂടെ ഒഴുകുകയാണ്.പ്രദേശവാസികൾക്കും കാൽനട യാത്രക്കാർക്കും,വാഹന യാത്രക്കാർക്കും ഒരുപോലെ ദുസഹമാണിത് കുട്ടികൾക്ക് സമീപത്തുള്ള സ്‌കൂളുകളിൽ പോലും പോകാൻ കഴിയാത്ത അവസ്ഥയാണെന്നും പരാതിയിൽ പറയുന്നു.