
തിരുവനന്തപുരം: ലഹരി ഉപയോഗത്തിനെതിരായ പ്രതിരോധ, പ്രചാരണ കേന്ദ്രങ്ങളായി സർവകലാശാലാ കാമ്പസുകൾ മാറണമെന്ന് മന്ത്റി ആർ. ബിന്ദു. സാങ്കേതിക സർവകലാശാല സംഘടിപ്പിച്ച 'ലഹരിമുക്ത കേരളം കാമ്പസുകളിലൂടെ' എന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചിന്താശേഷിയെ വികലമാക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന സമൂഹതിന്മയായി ലഹരിയെ കാണണം. ലഹരിക്കടിപ്പെടുന്ന വിദ്യാർത്ഥികളെ ബോധവത്കരിക്കാൻ സഹപാഠികൾക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. എൻജിനിയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മന്ത്റി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷനായ ചടങ്ങിൽ പ്രോവൈസ് ചാൻസലർ ഡോ.എസ്. അയൂബ്, സിൻഡിക്കേറ്റംഗങ്ങളായ ഡോ.പി.കെ.ബിജു, ഐ.സാജു, ജി. സഞ്ജീവ്, അക്കാഡമിക് ഡീൻ ഡോ. വിനുതോമസ്, റിസർച്ച് ഡീൻ ഡോ. ഷലീജ് പി.ആർ, രജിസ്ട്രാർ ഡോ. ആർ. പ്രവീൺ, സി.ഇ.ടി. പ്രിൻസിപ്പൽ ഡോ. വി. സുരേഷ്ബാബു എന്നിവർ പങ്കെടുത്തു. എക്‌സൈസ് വിജിലൻസ് വിഭാഗം സൂപ്രണ്ട് കെ. മുഹമ്മദ് ഷാഫിയും അസി. എക്‌സൈസ് കമ്മിഷണർ പി.കെ. ജയരാജും വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു.