തിരുവനന്തപുരം: സ്വത്ത് തട്ടിയെടുക്കാൻ കുടുംബാംഗങ്ങളെ പരമ്പരയായി കൊലപ്പെടുത്തിയ കൂടത്തായി ജോളിയെ അഴിക്കുള്ളിലാക്കിയ എസ്.പി ഡി. ശില്പയുടെ അനുഭവ പരിചയവും കുറ്റാന്വേഷണ രംഗത്തെ അതിവിദഗ്ദ്ധരായ സഹപ്രവർത്തകരുടെ കൂട്ടായ പ്രവർത്തനവുമാണ് ഷാരോൺ കൊലക്കേസിന്റെ ചുരുളഴിച്ചത്.
ഗ്രീഷ്‌മയുടെ വീട്ടിൽ നിന്ന് കഷായം കുടിച്ചതിനെ തുടർന്ന് ഷാരോൺരാജ് ആന്തരികാവയവങ്ങൾ തകരാറിലായി മരണപ്പെട്ടതോടെ ഷാരോണിന്റെ വീട്ടുകാർ ഉന്നയിച്ച സംശയങ്ങളോ പരാതികളോ വേണ്ടവിധം അന്വേഷിക്കുന്നതിൽ പാറശാല പൊലീസ് കാട്ടിയ അലംഭാവമാണ് കേസ് റൂറൽ ജില്ലാ പൊലീസ് മേധാവിയായ ഡി. ശില്പയുടെ ശ്രദ്ധയിൽപ്പെടാനിടയാക്കിയത്.
സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും ഷാരോണിന്റെ വീട്ടുകാർ ഓരോദിവസവും പുറത്തുവിട്ട തെളിവുകളും മരണത്തിലെ സംശയങ്ങൾ ബലപ്പെടുത്തിയതോടെ എസ്.പി പ്രത്യേക താത്പര്യമെടുത്ത് കേസ് അന്വേഷണത്തിന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോൺസണിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു. പാറശാല പൊലീസിൽ നിന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസ് ഫയലുകൾ നേരിട്ട് പരിശോധിച്ച ശേഷം അഡിഷണൽ എസ്.പി സുൾഫിക്കറിന്റെയും ഡിവൈ.എസ്.പി ജോൺസണിന്റെയും നേതൃത്വത്തിൽ അന്വേഷണത്തിന് പ്ളാൻ തയ്യാറാക്കി. കുറ്റകൃത്യത്തെപ്പറ്റി ഷാരോണിന്റെ മരണമൊഴിയിൽപ്പോലും പറഞ്ഞിട്ടില്ലാത്ത സാഹചര്യത്തിൽ പഴുതടച്ച തെളിവുകൾ സമാഹരിക്കുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യശ്രമം. കൂടത്തായിയിൽ അന്വേഷണസംഘത്തലവനായിരുന്ന കെ.ജി. സൈമണിന് കീഴിൽ എ.എസ്.പിയായുണ്ടായിരുന്ന ശില്പ അതേ തന്ത്രമാണ് ഇവിടെയും പുറത്തെടുത്തത്. കൂടത്തായിയിലെ പ്രാഥമിക ചോദ്യം ചെയ്യലിൽ സയനൈഡ് എത്തിച്ചുനൽകിയ മാത്യുവിന് മേൽ കൊലപാതകങ്ങൾ ചുമത്താൻ ശ്രമിച്ച ജോളിയെ സംഭവ ദിവസം സ്ഥലത്ത് അയാളുടെ സാന്നിദ്ധ്യമില്ലാതിരുന്നതുൾപ്പെടെയുള്ള തെളിവുകൾ നിരത്തി പൂട്ടിയ തന്ത്രമാണ് പാറശാലക്കേസിലും ഉപയോഗിച്ചത്.
ഷാരോണിന് കഷായവും ജ്യൂസും മാത്രമാണ് നൽകിയതെന്ന് പറഞ്ഞ് തടിയൂരാൻ ശ്രമിച്ച ഗ്രീഷ്മ ഷാരോണിന്റെയും തന്റെയും ഫോണിൽ നിന്ന് കണ്ടെടുത്ത തെളിവുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ വിങ്ങിപ്പൊട്ടി. കൂടത്തായിക്ക് സമാനമായി കരമനയിൽ കൂടത്തിൽ തറവാട്ടിലെ സ്വത്ത് തട്ടിയെടുക്കൽ കൊലപാതകത്തിൽ കൊലപാതകക്കുറ്റം ചുമത്തിയതുൾപ്പെടെ കൊലപാതകങ്ങളും ക്രിമിനൽ കേസുകളും അന്വേഷിക്കുന്നതിൽ മികവുള്ളയാളാണ് അഡിഷണൽ എസ്.പി സുൾഫിക്കറും. സിറ്റിയിലും റൂറലിലും അസി.കമ്മിഷണർ, ഡിവൈ.എസ്.പി പദവികളിൽ ഏറെനാൾ ജോലി ചെയ്‌തിട്ടുള്ള സുൾഫിക്കറിന് അടുത്തിടെയാണ് അഡിഷണൽ എസ്.പിയായി സ്ഥാനക്കയറ്റം ലഭിച്ചത്.
എസ്.ഐയായും സി.ഐയായുമിരിക്കെ കുറ്റാന്വേഷണരംഗത്ത് ഡിവൈ.എസ്.പി ജോൺസണിന്റേതും ശ്രദ്ധേയമായ സേവനമായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് റൂറൽ എസ്.പിയായി ചുമതലയേറ്റ ഡി.ശില്പ കുറ്റാന്വേഷണരംഗത്തും പൊലീസിംഗിലും കാര്യക്ഷമമായ ഇടപെടലാണ് നടത്തിയിട്ടുള്ളത്. കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയും കൊലക്കേസ് പ്രതിയുമായ പെരുങ്കുഴി വിശാഖം വീട്ടിൽ ശബരീനാഥിനെ ഒരു കോടിരൂപ വിലമതിക്കുന്ന എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തതുൾപ്പെടെ നിരവധി കേസുകൾ അന്വേഷിക്കാനും കുറ്റവാളികളെ അറസ്റ്റുചെയ്യാനും ശില്പയ്ക്ക് കഴിഞ്ഞിട്ടുണ്ട്.