തിരുവനന്തപുരം: ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന തുറമുഖ വിരുദ്ധ സമരത്തെ ചെറുത്ത് തോൽപ്പിക്കണമെന്ന് എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത് കുമാർ പറഞ്ഞു.വിഴിഞ്ഞം തുറമുഖ പദ്ധതി അടിയന്തരമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പദ്ധതി പ്രദേശമായ മുല്ലൂരിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ ലോംഗ് മാർച്ചിന്റെ സമാപനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്ന സമരം സങ്കടകരമാണ്.തുറമുഖം വരണമെന്നുളളത് രാജ്യത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തുറമുഖത്തിനെതിരായ സമരത്തിൽ സംസ്ഥാനത്തിന് കടുത്ത ആശങ്കയുണ്ടെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.സമരം നടത്തുന്നവർ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയല്ല നിലകൊളളുന്നത്.അവർക്ക് മറ്റ് ചില താത്പര്യങ്ങളുണ്ട്.തുറമുഖ നിർമ്മാണം നിറുത്തിവയ്‌ക്കണമെന്ന ആവശ്യം ഒരിക്കലും അംഗീകരിക്കാനാകില്ല. തുറമുഖത്തിന്റെ പ്രവർത്തനം പരമാവധി തടസപ്പെടുത്തുകയാണ് സമരക്കാരുടെ ലക്ഷ്യം.വിദേശ ഫണ്ട് സംബന്ധിച്ച വാർത്തകൾ സത്യമാണെങ്കിൽ അപകടകരമാണ്. കലാപത്തിന് വേണ്ടിയുളള പരിശ്രമമാണ് സമരസമിതി നടത്തുന്നതെന്നും ആനാവൂർ പറഞ്ഞു. ഇന്ത്യയെ ശ്രദ്ധിക്കുന്നവരുടെ മുഖത്തേറ്റ തിരിച്ചടിയാണ് വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു.തുറമുഖ നിർമ്മാണം ഒരു മണിക്കൂർ പോലും തടസപ്പെടാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൗൺസിലർമാരായ വി.വി.ഗിരി, സി.ഓമന, ശാസ്‌തമംഗലം മോഹൻ, ജനകീയ കൂട്ടായ്‌മ കൺവീനർ വെങ്ങാനൂർ ഗോപകുമാർ, വി.എസ്.ഡി.പി ചെയർമാൻ വിഷ്‌ണുപുരം ചന്ദ്രശേഖരൻ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം.കാർത്തികേയൻ നായർ, എസ്.എൻ.ഡി.പി കോവളം യൂണിയൻ കൗൺസിലർ മണ്ണിൽ മനോഹരൻ, എസ്.എൻ.ഡി.പി മുല്ലൂർ ശാഖാ പ്രസിഡന്റ് ദേവരാജൻ, എസ്.എൻ.ഡി.പി കോവളം യൂണിയൻ വനിതാസംഘം ചെയർപേഴ്‌സൺ എച്ച്.സുകുമാരി, മോഹനചന്ദ്രൻ നായർ, പവന സുധീർ, മുക്കോല സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. എസ്.എൻ.ഡി.പി യൂത്ത് മൂവ്‌മെന്റ് ജില്ലാ കൺവീനർ മുല്ലൂർ വിനോദ് കുമാറാണ് ലോംഗ് മാർച്ച് മുല്ലൂരിൽ ഫ്ളാഗ് ഓഫ് ചെയ്‌തത്. കോവളം യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി അരുമാനൂർ ദീപു പങ്കെടുത്തു.