
വെള്ളറട: ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കുന്നത്തുകാൽ ശ്രീചിത്തിര തിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. കുന്നത്തുകാൽ ജംഗ്ഷൻ മുതൽ സ്കൂൾ വരെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് മനുഷ്യ മതിൽ തീർത്തു. തുടർന്ന് ജംഗ്ഷനിൽ നടന്ന ബോധവത്കരണ പരിപാടിയിൽ തെരുവ് നാടകം അവതരിപ്പിച്ചു. കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനോദ്, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ താണുപിള്ള, സ്കൂൾ മാനേജർ ടി.സതീഷ് കുമാർ, പ്രിൻസിപ്പൽ എസ്.പുഷ്പവല്ലി തുടങ്ങിയവർ പങ്കെടുത്തു. സ്കൂളിൽ നടന്ന ബോധവത്കരണ പരിപാടിയിൽ കാരക്കോണം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ നാടകവും മറ്റ് കലാപരിപാടികളും അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പങ്കെടുത്തു.