തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്ക് അനുകൂലമായുള്ള ജനകീയ കൂട്ടായ്‌മയുടെ ലോംഗ് മാർച്ചിന് പിന്തുണയുമായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കോൺഗ്രസിന്റെ നഗരസഭ മുല്ലൂർ വാർഡ് കൗൺസിലർ സി. ഓമന, കെ.പി.സി.സി നിർവാഹക സമിതിയംഗം ശാസ്‌തമംഗലം മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒന്നിച്ചുള്ള പദ്ധതിയാണ് വിഴിഞ്ഞത്തേതെന്ന് ഓർമ്മപ്പെടുത്തിയായിരുന്നു വി.വി. രാജേഷിന്റെ പ്രസംഗം. വിഴിഞ്ഞം സമരത്തിനെതിരായ സമരങ്ങളെ പിന്തുണയ്‌ക്കുമെന്ന് ആനാവൂരും വ്യക്തമാക്കി. രൂക്ഷമായ ഭാഷയിലാണ് ഇരുനേതാക്കളും ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ വിമർശിച്ചത്. പദ്ധതി പ്രദേശത്തെ കൗൺസിലറും കോൺഗ്രസ് നേതാവുമായ ഓമന തുറമുഖം വന്നാലുണ്ടാകാവുന്ന ഗുണങ്ങളെപ്പറ്റിയും സമരം കാരണമുണ്ടാകുന്ന ദുരിതങ്ങളെപ്പറ്റിയുമാണ് സംസാരിച്ചത്.
അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം അടിയന്തരമായി ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ സമരം സംഘടിപ്പിച്ച് ദിവസങ്ങൾ പിന്നിട്ടപ്പോൾ കെ.പി.സി.സി നിർവാഹക സമിതിയംഗവും കൗൺസിലറും പാർട്ടി നിലപാട് തള്ളി രംഗത്തെത്തിയത് കോൺഗ്രസിന് തലവേദനയായി. രാവിലെ 7ന് മുല്ലൂരിൽ നിന്ന് ആരംഭിച്ച മാർച്ചിൽ വിവിധ കേന്ദ്രങ്ങളിൽ നിന്നായി സംഘടനകളും വ്യക്തികളും അണിച്ചേർന്നു. ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് സമരപ്പന്തലിൽ മാർച്ചെത്തിയത്.
എസ്.എൻ.ഡി.പിക്കും എൻ.എസ്.എസിനും പുറമെ വി.എസ്.ഡി.പി, കെ.പി.എം.എസ്, വി.എച്ച്.പി, കേരള ക്ഷേത്ര സംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി, വിശ്വകർമ്മ സഭ, വി-മാക്ക്, വിവിധ സാമൂഹിക മാദ്ധ്യമ ഗ്രൂപ്പിലെ അംഗങ്ങൾ അടക്കം സാമുദായിക - സാംസ്‌കാരിക രംഗത്തെ നിരവധിപേർ പങ്കാളികളായി. തുറമുഖത്തിന് വേണ്ടി ജില്ലാതലത്തിൽ കൂട്ടായ്‌മയ്‌ക്ക് രൂപം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ജനകീയ കൂട്ടായ്‌മ. ഭാവി പരിപാടികൾ തീരുമാനിക്കുന്നതിനുള്ള യോഗം ഉടൻ ചേരും.