തിരുവനന്തപുരം: ലഹരിക്കെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സംസ്ഥാന സർക്കാരിന്റെ 'നോ ടു ഡ്രഗ്സ്' കാമ്പെയിനിന്റെ ഒന്നാംഘട്ടത്തിന് സമാപനം കുറിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഹരിവിരുദ്ധ മനുഷ്യശൃംഖലകൾ സംഘടിപ്പിച്ചു. എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ വിപുലമായാണ് പരിപാടികൾ നടന്നത്.വർക്കല ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിന് മുന്നിൽ വി.ജോയി എം.എൽ.എയും കല്ലറ രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ ഡി.കെ. മുരളി എം.എൽ.എയും ആര്യനാട് ജംഗ്ഷനിൽ ജി.സ്റ്റീഫൻ എം.എൽ.എയും മനുഷ്യ ശൃംഖലയുടെ ഭാഗമായി. പാറശാല നടന്ന പരിപാടികളിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഭാഗമായി. നീറമൺകര വനിതാ എൻ.എസ്.എസ് കോളേജിലെ നാഷണൽ സർവീസ് സ്‌കീം വോളന്റിയർമാർ അവതരിപ്പിച്ച ലഹരിവിരുദ്ധ ഫ്ളാഷ് മോബും നാടകവും കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷൻ പരിസരത്ത് അരങ്ങേറി.ഇതിന് പുറമെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ,സ്‌കൂൾ,കലാലയങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ മനുഷ്യശൃംഖല, ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കൽ,ഫ്ളാഷ്‌മോബ്,ബോധവത്കരണ നാടകം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിരുന്നു. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പുറമെ എസ്.പി.സി, എൻ.സി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്സ് കേഡറ്റുകളും എൻ.സി.സി വോളന്റിയർമാരും കുടുംബശ്രീ പ്രവർത്തകരും രാഷ്ട്രീയ സാമുദായിക,മത, സാംസ്‌കാരിക,രാഷ്ട്രീയ രംഗങ്ങളിലെ പ്രതിനിധികൾ ഉൾപ്പെടെയുള്ളവരും ശൃംഖലയിൽ കണ്ണികളായി.