
തിരുവനന്തപുരം: ഈ മാസം 28 മുതൽ ഡിസംബർ നാല് വരെ നിയമസഭയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പുസ്തകോത്സവം നടത്തും. നിയമസഭാ ലൈബ്രറിയുടെ ശതാബ്ദിയാഘോഷങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം പ്രമാണിച്ചുള്ള ആസാദി കാ അമൃത് മഹോത്സവിന്റെയും ഭാഗമായാണിതെന്ന് സ്പീക്കർ എ.എൻ. ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിയമസഭാ സമുച്ചയത്തിന് ചുറ്റിലുമായി 150ലേറെ സ്റ്റാളുകളൊരുക്കും. രാവിലെ 10 മുതൽ രാത്രി 8 വരെയാകും പുസ്തകമേള. ദേശീയ, അന്തർദ്ദേശീയ പ്രസാധകരുടെ പങ്കാളിത്തമുണ്ടാകും. വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും വിദ്യാർത്ഥികൾക്കും പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടോ സ്പോൺസർഷിപ്പോ മുഖേന പുസ്തകക്കൂപ്പൺ ലഭ്യമാക്കാനും ആലോചനയുണ്ട്.
സാമാജികരുടെ പ്രത്യേക വികസനനിധിയിൽ നിന്ന് സർക്കാർ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ലൈബ്രറികൾക്ക് പുസ്തകം വാങ്ങാൻ സംവിധാനമൊരുക്കും. വിദ്യാഭ്യാസ, സർക്കാർ സ്ഥാപനങ്ങളിലേക്കും ലൈബ്രറി കൗൺസിലിന് കീഴിലെ ലൈബ്രറികളിലേക്കും വിലക്കിഴിവിൽ പുസ്തകങ്ങൾ വാങ്ങാം.
പൊതുജനത്തിനും പ്രവേശനം
നിയമസഭാ ലൈബ്രറി പൊതുജനങ്ങൾക്കും തുറന്നു നൽകും. റഫറൻസ് ലൈബ്രറിയെന്ന നിലയിൽ ബിരുദധാരികൾക്ക് അംഗത്വം നൽകും. എം.എൽ.എമാർക്കും നിയമസഭാ ജീവനക്കാർക്കും മാത്രമായിരുന്നു ലൈബ്രറി സംവിധാനമുപയോഗിക്കാൻ ഇതുവരെ അനുമതി. 1.15ലക്ഷം പുസ്തകങ്ങളാണിവിടെയുള്ളത്.
പുതിയ അംഗത്വവിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. അന്താരാഷ്ട്ര പുസ്തകോത്സവത്തോടൊപ്പം വിദ്യാർത്ഥികൾക്കും മറ്റും നിയമസഭാഹാളും നിയമസഭാ മ്യൂസിയവും കാണാൻ സൗകര്യവുമൊരുക്കുമെന്ന് നിയമസഭാ സെക്രട്ടറി എ.എം. ബഷീർ പറഞ്ഞു.
സഹോദരന്റെ സ്ഥാപനം പാട്ടത്തിനെടുത്തത് മാനദണ്ഡം പാലിച്ച്
സഹോദരൻ പങ്കാളിയായ സ്ഥാപനം കോഴിക്കോട് സൗത്ത് ബീച്ചിലെ തുറമുഖവകുപ്പിന്റെ അധീനതയിലുള്ള കെട്ടിടം പാട്ടത്തിനെടുത്തത് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണെന്ന് സ്പീക്കർ പറഞ്ഞു.
സ്പീക്കർ എ.എൻ. ഷംസീറിന്റെ സഹോദരൻ പങ്കാളിയായ കെ.കെ. പ്രദീപ് ആൻഡ് പാർട്ട്ണേഴ്സ് ചട്ടം ലംഘിച്ച് തുറമുഖവകുപ്പിന്റെ ഭൂമി പാട്ടത്തിനെടുത്തെന്നും ടെൻഡറിൽ ലക്ഷങ്ങൾ ക്വോട്ട് ചെയ്തവരെ മറിടകന്ന് 45,000 രൂപയ്ക്ക് പാട്ടത്തിന് നൽകിയെന്നും ആരോപണമുയർന്നിരുന്നു.