p

തിരുവനന്തപുരം: പൊലീസിന്റെ സദ്ഗുണങ്ങൾ ഉയർത്തിപ്പിടിക്കാത്തവർ സേനയുടെ ഭാഗമായുണ്ടാവില്ലെന്നും തെ​റ്റുചെയ്തവർ സേനയിൽ തുടരുന്നത് പൊലീസിന്റെ യശസിനെ ബാധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളാ പൊലീസിന്റെ രൂപീകരണ ദിനാഘോഷത്തോടനുബന്ധിച്ച് മികച്ച പൊലീസ് ഉദ്യോഗസ്ഥർക്കുള്ള മെഡൽ വിതരണവും സോഷ്യൽ പൊലീസ് ഡയറക്ടറേ​റ്റിന്റെ മന്ദിരോദ്ഘാടനവും നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെ​റ്റ് ചെയ്യുന്ന ഒരാളെയും സംരക്ഷിക്കില്ല. ഒ​റ്റപ്പെട്ട സംഭവമാണെങ്കിൽ പോലും പൊലീസിന് അവമതിപ്പുണ്ടാക്കുന്നവവർ സേനയുടെ ഭാഗമായുണ്ടാവില്ല. ആരുടേയും കഞ്ഞികുടി മുട്ടിക്കുന്നതല്ല സർക്കാർ രീതിയെങ്കിലും സേനയ്ക്ക് ചേരാത്ത രീതിയിലുള്ള തെ​റ്റുണ്ടായാൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമുണ്ടാവില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥർക്കടക്കം ഇത് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

261 ഉദ്യോഗസ്ഥർക്ക് പൊലീസ് മെഡൽ മുഖ്യമന്ത്രി സമ്മാനിച്ചു. പൊലീസ് മേധാവി അനിൽകാന്ത് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ചടങ്ങിൽ സന്നിഹിതരായി.