കുളത്തൂർ: തുമ്പ സെന്റ് സേവിയേഴ്സ് കോളേജിന്റെ ആഭിമുഖ്യത്തിൽ ലമാരി അലുമ്‌നി സേവിയർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. മെഗാ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ഇന്ന് രാവിലെ 11.30ന് സംസ്ഥാന ഇലക്ഷൻ കമ്മിഷണർ എ. ഷാജഹാൻ നിർവഹിക്കും. മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, നടൻ പ്രേംകുമാർ, കോളേജ് പ്രിൻസിപ്പൽ ഡോ.ദാസപ്പൻ, ജനറൽ കൺവീനർ ഡോ.കെ. സുജാതൻ തുടങ്ങിയവർ പങ്കെടുക്കും.
പൂർവ വിദ്യാർത്ഥികളും അദ്ധ്യാപകരും മാനേജ്മെന്റും കൈകോർക്കുന്ന മെഗാ ഫെസ്റ്റ് ഡിസംബർ 20 മുതൽ 23 വരെ നടക്കും. ഫെസ്റ്റിൽ ഇന്റർ കൊളീജിയറ്റ് ക്രിക്കറ്റ്, ഫുട്ബാൾ മത്സരങ്ങളും വിവിധ കലാകായിക മത്സരങ്ങളും അരങ്ങേറും. ഗായകൻ ജാസി ഗിഫ്റ്റ്, പ്രമീള തുടങ്ങിയവർ നയിക്കുന്ന സംഗീതവിരുന്നും അരങ്ങേറും. ഡിസംബർ 20ന് ഓൾ ഇന്ത്യ ജെസ്യൂട്ട് അലുമ്‌നി അംഗങ്ങൾ പങ്കെടുക്കുന്ന സൗഹൃദ മത്സരത്തോടെയാണ് ഫെസ്റ്റിന് തുടക്കം കുറിക്കുന്നത്.
ഫാ. പോൾ വടക്കൻ എൻഡോവ്മെന്റിനായുള്ള അന്തർ കലാലയ പ്രസംഗ മത്സരം, പൂർവ അദ്ധ്യാപകനും കവിയുമായ മധുസൂദനൻ നായരോടുള്ള ബഹുമാനാർത്ഥം പൂർവ വിദ്യാർത്ഥികൾ ഏർപ്പെടുത്തിയ എൻഡോമെന്റിനായുള്ള അന്തർ കലാലയ കവിതാ പാരായണ മത്സരം, അന്തർ കലാലയ എൻ.സി.സി പരേഡ് മത്സരം, വിവിധ സെമിനാറുകൾ, ശാസ്ത്ര സാങ്കേതിക എക്‌സിബിഷൻ, മെഡിക്കൽ എക്‌സിബിഷൻ, വിവിധ സ്ഥാപനങ്ങൾ അണിനിരക്കുന്ന സ്റ്റാളുകൾ ഉൾപ്പെടുന്ന കാർണിവലും ഫെസ്റ്റിന്റെ ഭാഗമായുണ്ടാകും.