
കോവളം: വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ പ്രത്യേക യൂണിറ്റ് കെട്ടിടത്തിന്റെ നിർമ്മാണം ഇഴയുന്നു. നിർമ്മാണ കാലാവധി കഴിഞ്ഞിട്ടും കരാറുകാരുടെ മെല്ലെപ്പോക്കാണ് നിർമ്മാണം നീളാൻ കാരണം.
താലൂക്ക് നിലവാരത്തിൽ ഉയരുന്ന വിഴിഞ്ഞം സി.എച്ച്.സിയിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, കുട്ടികൾക്കുള്ള വിഭാഗം, ഗൈനക്കോളജി, അനസ്തെറ്റിസ്റ്റ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനവും ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള അണ്ടർഗ്രൗണ്ട് സംവിധാനം ഉൾപ്പെടെ മൂന്ന് നിലകളിലുള്ള കെട്ടിടം നിർമ്മിക്കുന്നതിനാണ് തുറമുഖ എൻജിനീയറിംഗ് വിഭാഗത്തിന് ചുമതല.
പാപ്പനംകോട് ആസ്ഥാനമായ സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയാണ് മൂന്നാം നില ഒഴികെ കരാർ ഏറ്റെടുത്തിരുന്നത്. നിർമ്മാണം വൈകിയതിനെ തുടർന്ന് ഹാർബർ എൻജിനിയറിംഗ് അധികൃതർ കരാറുകാരന് പലവട്ടം നോട്ടീസ് നൽകിയിരുന്നു.
എന്നാൽ മറുപടി ലഭിക്കാത്തതിനെ തുടർന്ന് കരാർ കാൻസൽ ചെയ്യാൻ ഒരുങ്ങിയെങ്കിലും ഉടൻ ജോലികൾ തുടങ്ങാം എന്ന ഉറപ്പിന്മേൽ നടപടികൾ പിൻവലിക്കുകയായിരുന്നു. മൂന്നാം നില മാത്രം ഏറ്റെടുത്ത കരാറുകാരൻ ഒരാഴ്ചയ്ക്കുള്ളിൽ എല്ലാ ജോലികളും പൂർത്തിയാക്കി താക്കോൽ കൈമാറുമെന്നാണ് അധികൃതർ പറയുന്നത്.
നിരവധി പേരുടെ ആശ്രയം
4 വർഷം മുമ്പ് കിടത്തി ചികിത്സയ്ക്കായാണ് ഈ യൂണിറ്റ് ആരംഭിച്ചത്.തീരദേശ മേഖലയായ വിഴിഞ്ഞം, വെങ്ങാനൂർ, കോട്ടുകാൽ എന്നീ പഞ്ചായത്ത്, നഗരസഭയുടെ നാലോളം വാർഡുകളിലെ പതിനായിരത്തിൽപ്പരം സാധാരണക്കാരുടെ ആശ്രയകേന്ദ്രമാണിത്.
രണ്ട് വർഷമായിട്ടും
ഫിഷറീസ് വകുപ്പിന്റെയും വിഴിഞ്ഞം തുറമുഖ കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി, 7 കോടി 79 ലക്ഷം ചേർത്താണ് പുതിയ ഐ.പി ബ്ലോക്ക് നിർമ്മിക്കുന്നത്. ലോക്ക് ഡൗണിന് മുൻപ് തുടങ്ങിയ 6000 ചതുരശ്ര അടിയോളമുള്ള കെട്ടിടത്തിന്റെ മൂന്നാമത്തെ നില മാത്രമാണ് പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. എന്നാൽ സെല്ലുലാർ,ഗ്രൗണ്ട്, ഒന്നാം നില എന്നിവയുടെ നിർമ്മാണം രണ്ട് വർഷമായി നിലച്ച മട്ടാണ്.
നിർമ്മാണം നിലയ്ക്കാൻ കാരണം കരാറുകാരന്റെ ഭാഗത്തുള്ള വീഴ്ചയാണ്. ഇപ്പോൾ ജോലികൾ വീണ്ടും തുടങ്ങിയിട്ടുണ്ട്. ഇനി വീഴ്ചയുണ്ടായാൽ കടുത്ത നടപടിയെടുക്കും. പുതു വർഷത്തിന് മുൻപ് നിർമ്മാണം തീർക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
രാധാകൃഷ്ണൻ,അസി,എൻജിനിയർ,
ഹാർബർ എൻജിനീയറിംഗ് വകുപ്പ്