നെയ്യാറ്റിൻകര: കൂട്ടംതെറ്റി നാട്ടിലെത്തിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. പന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. വഴുതൂരിൽ ഇന്നലെയായിരുന്നു സംഭവം. തിങ്കളാഴ്ച ഉച്ചയോടെയാണ് കാട്ടുപന്നി തൊഴുക്കൽ, വഴുതൂർ, പ്ലാവിള പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. പന്നിയെ കണ്ട് ഭയന്ന നാട്ടുകാർ കല്ലും വടികളുമായി ഇതിന്റെ പിറകെ കൂടി. വിരണ്ട പന്നി ഓടി പ്ലാവിള സ്വദേശി സുരേന്ദ്രന്റെ വീട്ടിലെ ചാണകകുഴിയിൽ വീണു. കുഴിയിൽ വീണ് കുറേ സമയം കഴിഞ്ഞിട്ടും പന്നിക്ക് ചലനമില്ലാത്തത് കണ്ട് പന്നി ചത്ത് കാണുമെന്ന് വിചാരിച്ച് അതിന്റെ അടുത്തെത്തിയ പ്ലാവിള സ്വദേശി സനിലാണ് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

സമീപവാസികൾ ഇയാളെ രക്ഷിച്ച് ആശുപത്രിയിലാക്കി. സംഭവമറിഞ്ഞെത്തിയ നഗരസഭ ചെയർമാൻ പി.കെ.രാജമോഹൻ, പ്ലാവിള വാർഡ് കൗൺസിലർ വേണുഗോപാൽ എന്നിവർ ചേർന്ന് വനംവകുപ്പിനെ വിവരമറിയിച്ചെങ്കിലും തങ്ങൾക്ക് പന്നിയെ വെടിവച്ച് കൊല്ലാൻ അധികാരമില്ലെന്നറിയിക്കുകയായിരുന്നു. പിന്നീട് വട്ടിയൂർക്കാവിൽ നിന്നെത്തിയ സംഘമാണ് പന്നിയെ വെടിവച്ച് കൊന്നത്.