
തിരുവനന്തപുരം: ടൂറിസം വകുപ്പ് നടപ്പാക്കിയ മിയാവാക്കി വനവത്ക്കരണ പദ്ധതിയിലെ അഴിമതിക്കേസിൽ വകുപ്പിലെ ഫിനാൻസ് ഓഫീസർ സന്തോഷിന് വീണ്ടും ലോകായുക്ത നോട്ടീസ്. നേരത്തെ നൽകിയ നോട്ടീസിൽ ടൂറിസം സെക്രട്ടറി അടക്കമുളളവർ ഹാജരായെങ്കിലും സന്തോഷ് ഹാജരായിരുന്നില്ല. മിയാവാക്കി വനവത്കരണത്തിൽ കോടികളുടെ അഴിമതി നടന്നെന്ന ഹർജിയിലാണ് നോട്ടീസ്. ഹരിതകേരള മിഷൻ നടപ്പാക്കിയ പച്ചത്തുരുത്ത് പദ്ധതിയേക്കാൾ പണം ചെലവിട്ടിട്ടും മിയാവാക്കി വൻ പരാജയമായിരുന്നു. മിയാവാക്കി രീതി പരിചയമില്ലാത്ത കരാർ കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് നൽകിയ കരാറിൽ ക്രമക്കേടുണ്ടെന്നാണ് ഹർജിയിലുള്ളത്. 20 സെന്റ് ഭൂമിയിൽ മിയാവാക്കി വനവത്കരണം നടത്തുന്നതിന് 3.7 കോടി രൂപയാണ് ചെലവഴിച്ചത്.
ചീഫ് സെക്രട്ടറി, സാംസ്കാരിക വകുപ്പ് സെക്രട്ടറിയും മുൻ ടൂറിസം സെക്രട്ടറിയുമായ റാണി ജോർജ്ജ്, മുൻ ടൂറിസം ഡയറക്ടർമാരായ ബാലകിരൺ, കൃഷ്ണ തേജ, ടൂറിസം അടിസ്ഥാന വികസന മുൻ ചെയർമാൻ കെ. ജി. മോഹൻ ലാൽ, മുൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പത്മ മൊഹന്തി, കേരള സർവകലാശാല ബോട്ടണി വിഭാഗം മേധാവി ഡോ. ടി. എസ്. സ്വപ്ന, ടൂറിസം ഫിനാൻസ് ഓഫീസർ സന്തോഷ്, നേച്ചർ ഗ്രീൻ ഗാർഡൻ ഫൗണ്ടേഷൻ സി. ഇ. ഒ ഹരി പ്രഭാകരൻ, കൾച്ചറൽ ഷോപ്പി എക്സി. ഓഫീസർ എസ്. ശിവകുമാർ, ഇൻവിസ് മൾട്ടി മീഡിയ എം.ഡി ആർ. ഹരികുമാർ, സ്റ്റേറ്റ് അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി എന്നിവരാണ് എതിർകക്ഷികൾ.