road

വിതുര: വിതുര,​ കൊപ്പം,​ ചായം,​ചെറ്റച്ചൽ,​പാലോട് റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. വിതുര മുതൽ ചെറ്റച്ചൽ വരെയുള്ള ഭാഗത്ത് ഏഴ് മാസത്തിനിടയിൽ രണ്ട് പേരുടെ ജീവൻ അപകടത്തിൽ പൊലിഞ്ഞു. കൊപ്പം കല്ലുവെട്ടാൻകുഴിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഫാൻസി കടയുടമയും വ്യാപാരി വ്യവസായി ഏകോപന സമിതി വിതുര യൂണിറ്റ് മുൻ ജനറൽ സെക്രട്ടറിയുമായ ഇ.ഷാജഹാൻ മരണമടഞ്ഞിരുന്നു. കൂട്ടിയിടിച്ച ബൈക്കിൽ സഞ്ചരിച്ച യുവാവിനും പരിക്കേറ്റു. കല്ലുവെട്ടാൻകുഴി ഭാഗത്തെ റോഡിലുണ്ടായ ഗട്ടറുകളിൽ പതിച്ച് അപകടങ്ങൾ പതിവായിട്ടും അധികൃതരിൽ നിന്ന് യാതൊരു നടപടിയുമുണ്ടാകുന്നില്ല. ആറ് മാസംമുൻപ് ചെറ്റച്ചൽ ഇടമുക്ക് ജംഗ്ഷന് സമീപം നടന്ന അപകടത്തിൽ നന്ദിയോട് പച്ച സ്വദേശി കുമാരപിള്ള തത്ക്ഷണം മരിക്കുകയും കുമാരപിള്ളയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന രതീഷിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ചായം ജംഗ്ഷനിലും അനവധി അപകടങ്ങളാണ് നടന്നിട്ടുള്ളത്. പൊലീസിന്റെ സത്വര ശ്രദ്ധ ഇവിടെ പതിയണമെന്ന ആവശ്യവും ശക്തമാണ്.

7 മാസത്തിനിടയിൽ - - 2 ജീവനുകൾ പൊലിഞ്ഞു

26 ബൈക്കപകടങ്ങൾ - 39 പേർക്ക് പരിക്കേറ്രു

മരണം പതിവ്

വിതുര -ചായം - ചെറ്റച്ചൽ - നന്ദിയോട് പാലോട് റോഡിൽ അപകടങ്ങൾ പതിവാകാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. ഒന്നര വർഷം മുൻപ് ചെറ്റച്ചൽ മരുതുംമൂടിന് സമീപം ദർപ്പയിൽ നടന്ന ബൈക്കപകടത്തിൽ വിതുര പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ മരിച്ചു. ഇതിന് മുൻപ് ഇവിടെ നടന്ന അപകടത്തിൽ തൊളിക്കോട് പുളിച്ചാമല സ്വദേശിയായ ഒരു യുവതിയും മരിച്ചു. നേരത്തെ മേലേകൊപ്പം ജംഗ്ഷനിൽ ഒരു വിദ്യാർത്ഥിയും അപകടത്തിൽ മരിച്ചു. ചായം, ദർപ്പ മേഖലയിൽ അനവധി അപകടങ്ങൾ നടന്നിട്ടുണ്ട്. കൊപ്പം കല്ലുവെട്ടാൻ കുഴിക്ക് സമീപം റോഡിൽ ഗട്ടർ രൂപാന്തരപ്പെട്ടതുമൂലം ഇവിടെയും അപകടങ്ങൾ പതിവാകുകയാണ്.

കാരണങ്ങൾ

അമിതവേഗതയും അശ്രദ്ധയുമാണ് അപകടങ്ങൾ വർദ്ധിക്കുന്നതിന് കാരണമെന്ന് പറയുന്നു. വർഷങ്ങളായി തകർന്നുകിടന്ന റോഡ് അടുത്തിടെയാണ് ടാറിംഗ് നടത്തിയത്. റോഡിൽ ബൈക്ക് റേസിംഗ് സംഘങ്ങളും വിലസുന്നുണ്ട്. ചില മേഖലകളിൽ റോഡിന് വേണ്ടത്ര വീതിയില്ലാത്തതും അപകടത്തിന് കാരണമാണ്. റോഡിലെ ഗട്ടറുകളുടെ എണ്ണവും ദിനംപ്രതി വർദ്ധിച്ചുവരികയാണ്.

ടാർ ചെയ്തിട്ടും പരിഹാരമായില്ല

വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി നിരവധി തവണ വാർത്ത പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് ഫണ്ട് അനുവദിച്ചിരുന്നു. വിതുര നന്ദിയോട് - ചെറ്റച്ചൽ റോഡിൽ ടാറിംഗ് നടത്തിയതോടെ അപകടങ്ങളും വർദ്ധിക്കാൻ തുടങ്ങി. ടിപ്പർ ഉൾപ്പെടെയുള്ള വാഹനങ്ങൾ ചീറിപ്പാഞ്ഞിട്ടും നടപടികളില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇരുചക്രവാഹനങ്ങളും മറ്റും അമിതവേഗത്തിൽ ചീറിപ്പായുന്നു. ബൈക്കുകൾ ഇടിച്ചും, മറിഞ്ഞും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. റോഡരികിലൂടെ സൂക്ഷിച്ചു നടന്നില്ലെങ്കിൽ അപകടം ഉറപ്പാണെന്നുതന്നെ പറയാം.