തിരുവനന്തപുരം: അടുത്ത ഏപ്രിൽ വരെ കാലിത്തീറ്റ വില വർദ്ധിപ്പിക്കില്ലെന്ന ക്ഷീര വികസനവകുപ്പിന്റെ ഉറപ്പ് ജലരേഖയായി. സർക്കാർ സ്ഥാപനങ്ങളായ മിൽമ, കേരള ഫീഡ്സ് എന്നിവ കാലിത്തീറ്റയ്‌ക്ക് 50 കിലോ ചാക്കൊന്നിന് 150 രൂപ മുതൽ 200 രൂപ വരെ കൂട്ടി. വർദ്ധന കഴിഞ്ഞ ദിവസം മുതൽ നിലവിൽവന്നു. കിലോയ്‌ക്ക് 3 മുതൽ 4 രൂപ വരെയാണ് കൂടിയത്. ഇതോടെ സ്വകാര്യ സ്ഥാപനങ്ങളും പിണ്ണാക്കിന്റെയും മറ്റു കാലിത്തീറ്റകളുടെയും വിലയിൽ വലിയ വർദ്ധന വരുത്താൻ തീരുമാനിച്ചു.
ഇക്കഴിഞ്ഞ മേയിലാണ് മിൽമ, കേരളഫീഡ്സ് എന്നിവയുടെ പ്രതിനിധികളും ക്ഷീര വികസന,മൃഗസംരക്ഷണ വകുപ്പ് മേധാവികളും പങ്കെടുത്ത യോഗത്തിൽ വില വർദ്ധിപ്പിക്കില്ലെന്ന് തീരുമാനിച്ചത്. മന്ത്രി ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. പാലിന് രാജ്യത്ത് ഏറ്റവും കൂടുതൽ വിലയുള്ള സംസ്ഥാനം കേരളമായതിനാൽ അതു കൂട്ടില്ലെന്നും കർഷരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ ലിറ്ററിന് 4 രൂപ വീതം ഇൻസെന്റീവ് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്‌ഫർ സംവിധാനം വഴി നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു. അത് ക്ഷീരകർഷകർക്ക് ഏറെ ആശ്വാസമായിരുന്നു. എന്നാൽ പൊടുന്നനെ ഉണ്ടായ തീറ്റവില വർദ്ധന താങ്ങാനാവാത്തതായി.
ക്ഷീര സംഘങ്ങളിൽ വിതരണം ചെയ്യുന്ന പാലിന് ലിറ്ററിന് ശരാശരി 36.36 രൂപയാണ് കർഷകന് ലഭിക്കുന്നത്. തിരുവനന്തപുരം യൂണിയനിൽ മൂന്നു രൂപ മിൽമയും ഇൻസെൻറ്റീവായി നൽകുന്നുണ്ട്. തീറ്റ വില വർദ്ധിപ്പിച്ചതോടെ ഈ സഹായംകൊണ്ടും പിടിച്ചുനിൽക്കാനാവാത്ത സ്ഥിതിയായി. അസംസ്‌കൃത വസ്തുക്കളുടെ വില ക്രമാതീതമായി ഉയർന്നതിനാൽ എട്ടുമാസമായി കമ്പനികൾ നഷ്ടത്തിലാണെന്നാണ് അധികൃതർ പറയുന്നത്. അങ്ങനെയെങ്കിൽ അഞ്ചുമാസം മുൻപ് കാലിത്തീറ്റ വിലവർദ്ധന ഒരുവർഷക്കാലത്തേക്ക് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചതെങ്ങനെയെന്നാണ് കർഷകർ ചോദിക്കുന്നത്.
പാൽ വില കൂടും
പാൽ വില കൂട്ടുന്നതിനെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ച് ഒരാഴ്ച പിന്നിടും മുൻപേ കാലിത്തീറ്റയ്‌ക്ക് വില കൂട്ടിയതോടെ പാൽ വില കൂടുമെന്ന് ഉറപ്പായി. ലിറ്ററിന് 5 രൂപയിൽ കൂടുതൽ വില വർദ്ധന ഉണ്ടായേക്കാമെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ക്ഷീര കർഷകർക്ക് ചെറിയ തോതിൽ ആശ്വാസമാകുമെങ്കിലും നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിൽ നട്ടംതിരിയുന്ന ഉപഭോക്താക്കൾക്ക് വലിയ പ്രഹരമാകും.
തീറ്റ വില വർദ്ധന ഇങ്ങനെ( 50 കിലോ ചാക്കിന് )
ഇനം -----------പഴയ വില -----------------പുതിയ വില
മിൽമ റിച്ച് -----------------1240 -----------------1400
മിൽമ ഗോൾഡ് -----------1370 ---------------1550
കേരളഫീഡ്സ് (മിടുക്കി )-----------1245 ----------1395
കേരള ഫീഡ്സ് (എലൈറ്റ് )----------1315 ------1495