
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ ഏഴുലക്ഷം രൂപ ചെലവ് വരുന്ന അതിസങ്കീർണമായ ശസ്ത്രക്രിയ ഒരു രൂപ പോലും ചെലവില്ലാതെ നടത്തി മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം. ഹൃദയധമനികളെ സങ്കീർണമാക്കുന്ന കാൽസിഫിക് കൊറോണറി സ്റ്റിനോസിസ് എന്ന രോഗം ബാധിച്ച അഞ്ചുതെങ്ങ് സ്വദേശിയായ അറുപത്തിയഞ്ചുകാരനായ നിർദ്ധന രോഗിക്കാണ് ഇൻട്രാ വാസ്കുലർ ലിത്തോട്രിപ്സ് എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കല്ലിന് സമാനമായ തടസം നീക്കുകയും തുടർന്ന് ആൻജിയോപ്ളാസ്റ്റി നടത്തുകയും ചെയ്തത്.
ഹൃദയ ധമനികളിലെ തടസങ്ങൾ കാരണം കഠിനമായ നെഞ്ചുവേദനയുമായാണ് രോഗിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാധാരണ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയാണ് നടത്തേണ്ടിയിരുന്നത്. എന്നാൽ, രക്തധമനികളിൽ കാത്സ്യം കട്ടപിടിച്ചതിനാൽ ഓപ്പൺ ഹാർട്ട് സർജറിയോ ആൻജിയോപ്ലാസ്റ്റിയോ ചെയ്യാനാവുന്ന ആരോഗ്യസ്ഥിതിയായിരുന്നില്ല. തുടർന്നാണ് ബലൂൺ കടത്തി കാത്സ്യം പൊടിക്കുന്ന ഇൻട്രോവാസ്‌കുലാർ ലിത്തോട്രിക്‌സ് എന്ന ചികിത്സ നൽകിയത്. എന്നാൽ വൻ സാമ്പത്തികച്ചെലവ് വരുന്ന ചികിത്സ നടത്താനുള്ള ശേഷി രോഗിക്കുണ്ടായിരുന്നില്ല. തുടർന്ന് ഡോക്ടർമാർ ആശുപത്രി സൂപ്രണ്ട് ഡോ.എ.നിസാറുദീന്റെ നേതൃത്വത്തിൽ രോഗിയുടെ അവസ്ഥ ആരോഗ്യമന്ത്രി വീണാ ജോർജിനെ അറിയിച്ചു. മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് സാമൂഹ്യ സുരക്ഷാമിഷൻ മുഖേന ചികിത്സ പൂർണമായും സൗജന്യമാക്കുകയായിരുന്നു. ചികിത്സയ്ക്കുള്ള ബലൂണിനുമാത്രം മൂന്ന് ലക്ഷം രൂപയാണ് വേണ്ടിയിരുന്നത്. ചൊവ്വാഴ്ച രാവിലെയാണ് ശസ്ത്രക്രിയ നടത്തിയത്. ആദ്യം കല്ലുപൊടിച്ച ശേഷം ആൻജിയോപ്ലാസ്റ്റി നടത്തുകയായിരുന്നു. ഹൃദ്രോഗ തീവ്രപരിചരണ വിഭാഗത്തിൽ സുഖം പ്രാപിക്കുന്ന രോഗിക്ക് രണ്ടു ദിവസത്തിനുള്ളിൽ ആശുപത്രി വിടാനാകും. മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗം മേധാവി പ്രൊഫ.കെ.ശിവപ്രസാദ്, പ്രൊഫ.പ്രവീൺ, ഡോ ലക്ഷ്മിതമ്പി, ഡോ.സിംന, ഡോ. രതീഷ്, അമ്പാടി, ഡോ.നാഗേന്ദ്രൻ, ടെക്‌നീഷ്യൻമാരായ കിഷോർ കുമാർ, ആർ.ജയകൃഷ്ണ, അഞ്ജന, സ്റ്റാഫ് നഴ്‌സുമാരായ രാജലക്ഷ്മി, ആനന്ദ് എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി.