മലയിൻകീഴ്: റോഡിനോട് ചേർന്നുള്ള പൊതുമാർക്കറ്റുകളുടെ പ്രവർത്തനം അപകടഭീഷണിയാകുന്നു. പഞ്ചായത്ത് പ്രദേശത്ത് അനധികൃതമായി പ്രവർത്തിക്കുന്ന ഇത്തരം കച്ചവടങ്ങൾ കൊണ്ട് യാതൊരുവിധ സാമ്പത്തിക ഗുണവും പഞ്ചായത്തുകൾക്കുണ്ടാകുന്നില്ലെങ്കിലും അപകടങ്ങളുണ്ടാകുമ്പോൾ ആവശ്യത്തിലധികം ദുഷ്പേരുണ്ടാകുന്നുണ്ട്. അതേസമയം വർഷങ്ങളായി കച്ചവടം നടത്തി ഉപജീവനം നടത്തുന്നവർക്ക് കച്ചവടത്തിനായി സ്ഥലം ഒരുക്കി നൽകണമെന്ന ആവശ്യത്തിനും പഴക്കമേറിക്കഴിഞ്ഞു.
വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലുൾപ്പെട്ട വിളവൂർക്കൽ,ചൂഴാറ്റുകോട്ട,വാളിയോട്ട്കോണം,പൊറ്റയിൽ എന്നിങ്ങനെ നാല് അനധികൃത മാർക്കറ്റുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്തിന്റെ അനുമതിയോ, പഞ്ചായത്തിന് വരുമാനമോ ഇല്ലാതെയാണ് വർഷങ്ങളായി മത്സ്യം, പച്ചക്കറികൾ തുടങ്ങിയവയുടെ വില്പന നടക്കുന്നത്.
മലയിൻകീഴ് - പാപ്പനംകോട് റോഡിലും മലയിൻകീഴ് ജംഗ്ഷനിലെ പ്ലാറ്റ്ഫോം, മേപ്പൂക്കട,അന്തിയൂർക്കോണം തുടങ്ങിയ സ്ഥലങ്ങളിലായി പൊതുമാർക്കറ്റിനെ വെല്ലും വിധത്തിലുള്ള കച്ചവടമാണ് എന്നും നടക്കുന്നത്. തിരക്കേറിയ ഈ റോഡിനോട് ചേർന്ന് ആൾക്കൂട്ടം സാധനങ്ങൾ വിൽക്കുന്നതും വാങ്ങുന്നതും പലപ്പോഴും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്.പൊതുമാർക്കറ്റ് ഇല്ലാത്ത ജില്ലയിലെ പഞ്ചായത്തുകളിലൊന്നാണ് വിളവൂർക്കൽ ഗ്രാമപഞ്ചായത്ത്. തച്ചോട്ടുകാവ് - മങ്കാട്ടുകടവ് റോഡിലെ വാളിയോട്ടുകോണത്തും,പൊറ്റയിൽ ജംഗ്ഷനിലും ഇത്തരത്തിൽ കച്ചവടം നടക്കുന്നുണ്ട്.
മത്സ്യവും - പച്ചക്കറികളും വാങ്ങാനെത്തുന്നവർ റോഡിൽ കൂട്ടത്തോടെ തിങ്ങിക്കൂടുന്നത് സാധാരണമാണ്. ഇവിടെ അപകടങ്ങളും പതിവാണ്.
കച്ചവടം പൊടിപൊടിക്കുന്നു
ഗ്രാമപഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന റോഡിലാണ് കച്ചവടം പൊടിപൊടിക്കുനത്.എല്ലാദിവസവും രാവിലെ 9ന് ആരംഭിക്കുന്ന കച്ചവടം 11.30 ഓടെയാണ് അവസാനിക്കുന്നത്.നന്നേ വീതി കുറഞ്ഞ് റോഡിൽ നടക്കുന്ന അനധികൃത കച്ചവടം ഒഴിവാക്കുന്നതിന് മാറി മാറി വരുന്ന പഞ്ചായത്ത് ഭരണ സമിതിക്ക് കഴിയുന്നില്ല.പൊതുവേ വരുമാനത്തിൽ കുറവുള്ള ഈ പഞ്ചായത്തിൽ സ്വന്തമായി പൊതുമാർക്കറ്റ് ഉണ്ടായിരുന്നെങ്കിൽ ലക്ഷങ്ങൾ വരുമാനമുണ്ടാകുകയും കുറച്ചുപേർക്ക് സ്ഥിരം ജോലി ലഭിക്കുകയും ചെയ്യുമായിരുന്നു. മലയിൻകീഴ് ബാങ്കിന് കീഴിൽ പൊതുമാർക്കറ്റ് ഉണ്ടെങ്കിലും റോഡ് സൈഡിൽ കച്ചവടം നടത്താനാണ് കൂടുതൽപേരും താത്പര്യപ്പെടുന്നത്.മലയിൻകീഴ് പൊലീസ് ഇതിനെതിരെ പലവട്ടം മുന്നറിയിപ്പ് നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല.
പഴക്കമേറിയ ആവശ്യം
വിളവൂർക്കൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗകര്യവും - സുരക്ഷയുമുള്ള പൊതുമാർക്കറ്റ് പ്രവർത്തനമാരംഭിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സൗകര്യപ്രദമായ സ്ഥലമില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ നിലപാട്.കൃഷിക്ക് ഏറെ പ്രാധാന്യമുള്ള പഞ്ചായത്തിൽ ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ ഉൾപ്പെടെയുള്ളവ വിറ്റഴിക്കാൻ മാർഗമില്ലാത്തത് കർഷകരെയും ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. 'വിളകളുടെ ഊര് 'എന്നാണ് പഴമക്കാർ വിളവൂർക്കൽ ഗ്രാമത്തെ വിളിച്ചിരുന്നത്.