k-phone

തിരുവനന്തപുരം: പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റും സർക്കാർ ഓഫീസുകളെ ബന്ധിപ്പിച്ചുള്ള ഇന്റർനെറ്റ് ശൃംഖലയും വാഗ്ദാനം ചെയ്യുന്ന കെ-ഫോൺ നടപ്പാക്കാൻ ഇനിയും വൈകും. സൗജന്യ ഇന്റർനെറ്റ്സേവനം നൽകേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നതിലെ കാലതാമസമാണ് കാരണം. മറ്റ് അടിസ്ഥാന സൗകര്യവികസനനടപടികൾ പൂർത്തിയായി വരുന്നുണ്ടെങ്കിലും വീടുകളിലേക്ക് ലൈൻ വലിക്കുന്ന ജോലികൾ ഇനിയും തുടങ്ങിയിട്ടില്ല.

ആഗസ്റ്റ് 20നകം ഗുണഭോക്താക്കളുടെ പട്ടിക നൽകണമെന്ന നിർദ്ദേശം നടപ്പായില്ല. തദ്ദേശസ്ഥാപനങ്ങളാണ് പട്ടിക നൽകേണ്ടത്. നിയോജകമണ്ഡലത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ നൂറ് പേരെ കണ്ടെത്തണം. ഇത്തരത്തിൽ 14,000പേർ ആദ്യഘട്ടത്തിൽ അർഹരാവും. പട്ടിക ലഭിച്ചാൽ സൗകര്യങ്ങളൊരുക്കുന്നതിന് ടെൻഡർ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഇന്നലെ തദ്ദേശമന്ത്രി എം.ബി. രാജേഷ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം പുറത്തിറക്കി. എന്നാൽ, സമയപരിധി നിശ്ചയിച്ചിട്ടില്ല.

 പൊതു മാർഗ്ഗനിർദ്ദേശങ്ങൾ

*ഓരോ മണ്ഡലത്തിലും നൂറുവീതം കുടുംബങ്ങൾ

*സ്ഥലം എം.എൽ.എ നിർദ്ദേശിക്കുന്ന ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലെ ഒന്നോ തൊട്ടടുത്തുള്ള ഒന്നിലധികം വാർഡുകളിൽ നിന്നോ മുൻഗണനാടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ്

* പരിഗണിക്കേണ്ടത് കെ-ഫോൺ കണക്ടിവിറ്റി ഉള്ളതും പട്ടികജാതി-വർഗ ജനസംഖ്യ കൂടുതലുള്ളതുമായ വാർഡ്

* സ്‌കൂൾ വിദ്യാർത്ഥികളുള്ള ബി.പി.എൽ കുടുംബത്തിന് ആദ്യപരിഗണന

* ബി.പി.എൽ വിഭാഗത്തിൽപ്പെട്ട സ്‌കൂൾ വിദ്യാർത്ഥികളുള്ള പട്ടികജാതി കുടുംബങ്ങൾ രണ്ടാമത്

*ബി.പി.എൽ വിഭാഗത്തിൽപ്പെട്ട, കോളേജ് വിദ്യാർത്ഥികളുള്ള പട്ടികവർഗ-ജാതി കുടുംബങ്ങൾ മൂന്നാമത്

*ബി.പി.എൽ വിഭാഗത്തിൽപ്പെട്ട, സ്‌കൂൾ വിദ്യാർത്ഥികളുള്ള, കുടുംബത്തിലെ കുറഞ്ഞത് ഒരാൾക്കെങ്കിലും 40 ശതമാനമോ അതിലധികമോ അംഗവൈകല്യമുള്ളതുമായ എല്ലാ കുടുംബങ്ങളെയും നാലാമത് പരിഗണിക്കും.

* മറ്റ് പൊതുവിഭാഗത്തിലെ ബി.പി.എൽ കുടുംബങ്ങളെ അഞ്ചാമത് പരിഗണിക്കും.