തിരുവനന്തപുരം: വർദ്ധിച്ചുവരുന്ന ജലക്ഷാമത്തിന് പരിഹാരവുമായാണ് നെല്ലിമൂട് സെന്റ് ക്രിസോസ്റ്റം ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനികൾ പട്ടം സെന്റ് മേരീസ് സ്കൂളിൽ ആരംഭിച്ച റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ ശ്രദ്ധേയരായത്. ഒൻപതാം ക്ളാസുകാരി നിധി ഡി.ശങ്കറും എട്ടാം ക്ളാസുകാരി ദേവതീർത്ഥ എ.എസുമാണ് ജലശുദ്ധീകരണവുമായി എത്തിയത്.മഴവെള്ളം മേൽക്കൂരയിൽ ഘടിപ്പിച്ച പൈപ്പിലൂടെ പ്രാഥമിക ജലസംഭരണിയിലെത്തും. അവിടെ നിന്ന് ശുദ്ധീകരിച്ച ആറ്റുമണലും ചിരട്ടക്കരിയും ചേർത്ത പൈപ്പിലൂടെ കടത്തിവിട്ട് ദോഷകരമായ വാതകങ്ങൾ നീക്കം ചെയ്യുകയും ഖരമാലിന്യ സംസ്കരണം നടത്തുകയും ചെയ്യുന്നു.വെള്ളത്തിൽ ശേഷിക്കുന്ന അണുക്കളെ നശിപ്പിക്കാനായി യു.വി കവചം വഴി ഫിൽട്ടർ യൂണിറ്റിലേക്ക് കടത്തിവിടും. ഇതിൽ നിന്ന് വരുന്ന വെള്ളം നൂറു ശതമാനം ശുദ്ധമാണ്. 9 വാട്ടിന്റെ രണ്ട് ബാറ്ററിയും ഒരു യു.വി ലാംപ് ബൾബുമുണ്ടെങ്കിൽ നമുക്കു തന്നെ യു.വി കവചം നിർമ്മിക്കാം.ഇത്തരത്തിൽ കുറഞ്ഞ ചെലവിൽ മഴവെള്ളം മാത്രമല്ല നദീജലവും കിണറ്റിലെ വെള്ളവുമെല്ലാം ശുദ്ധീകരിച്ച് നമുക്ക് ഉപയോഗിക്കാം.ഇത്തരത്തിൽ നൂതനമായ നിരവധി ആശയങ്ങളാണ് ശാസ്ത്രോത്സവത്തിൽ അവതരിപ്പിക്കപ്പെട്ടത്. പഠനത്തെ സഹായിക്കുന്ന തരത്തിലുള്ളതും പരിസ്ഥിതി സൗഹൃദവുമായ മോഡലുകളാണ് ശാസ്ത്രോത്സവത്തിൽ ഏറെയും അവതരിപ്പിക്കപ്പെട്ടത്.

ഓലത്താന്നി വിക്ടറി എച്ച്.എസ്.എസിലെ പ്ളസ് ടു വിദ്യാർത്ഥികളായ എൽ.ലിബിൻ,എം.ആർ.അക്ഷയ്, എം.വി. സനീഷ്,ഷാൻ വി.സൈറസ് എന്നിവർ എത്തിയത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ മാതൃകയുമായാണ്. കാർഡ് ബോർഡ്, ചാക്ക്, കോട്ടൺ, ബാംബു എന്നിവ ഉപയോഗിച്ചാണ് ഈ മാതൃക നിർമ്മിച്ചിരിക്കുന്നത്. മാലിന്യങ്ങളിൽ നിന്നും ഊർജം നിർമ്മിക്കാവുന്ന ബയോ ഇ -പ്ലാന്റുമായാണ് ആറ്റിങ്ങൽ സി.എസ്‌.ഐ ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസിലെ ആദിത്യ കൃഷ്ണനും അഭിജിത്തും ശാസ്‌ത്രോത്സവത്തിനെത്തിയത്.

ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ.കെ.എസ്.റീന അദ്ധ്യക്ഷത വഹിച്ചു.മേള നാളെ സമാപിക്കും.ശാസ്ത്രമേള,സാമൂഹ്യശാസ്ത്രമേള, ഐ.ടി മേള, ഗണിത ശാസ്ത്ര മേള, പ്രവൃത്തി പരിചയ മേള എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലെ 4500 ഓളം വിദ്യാർത്ഥികളാണ് മൂന്നു ദിവസത്തെ ശാസ്‌ത്രോത്സവത്തിൽ മാറ്റുരയ്ക്കുക. ഇന്നലെ ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേള, ഐ.ടി മേള എന്നിവ നടന്നു. ഇന്നാണ് ഗണിത ശാസ്ത്ര, പ്രവൃത്തിപരിചയ മേള.ഐ.ടി പ്രവൃത്തി പരിചയ മേളകൾ രണ്ടു ദിവസങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. മേളയുടെ നടത്തിപ്പിനായി 14 കമ്മിറ്റികളാണ് രൂപീകരിച്ചിട്ടുള്ളത്. 18 ലക്ഷം രൂപയാണ് മേളയുടെ നടത്തിപ്പ് ചെലവ്. നാളെ (വെള്ളി) വൈകിട്ട് 3.30ന് ആരംഭിക്കുന്ന സമാപന സമ്മേളനം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ജോൺസൺ ജോസഫ് അദ്ധ്യക്ഷത വഹിക്കും.