
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ വിദേശ യാത്രയിലെടുത്ത തീരുമാനങ്ങളുടെയും ആലോചനകളുടെയും തുടർ പ്രവർത്തനം ആവിഷ്‌കരിക്കാൻ യോഗം ചേർന്നു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബന്ധപ്പെട്ട മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഫിൻലന്റ്, നോർവേ, യു.കെ എന്നീ രാജ്യങ്ങളിലെ വിവിധ സ്ഥാപനങ്ങളും ഏജൻസികളുമായി ചേർന്ന് നടപ്പാക്കേണ്ട പ്രവർത്തനങ്ങളുടെ അവലോകനം നടത്തി. നഗര ശാക്തീകരണവുമായി ബന്ധപ്പെട്ട് തുടർപ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി നോർവെയിലെ നാൻസൻ സെന്റർ ഡയറക്ടറും സംഘവും കൊച്ചിയിൽ എത്തിയിട്ടുണ്ട്. മത്സ്യബന്ധന മേഖലയുടെ ശാക്തീകരണത്തിന് കുഫോസിൽ ശില്പശാല സംഘടിപ്പിക്കും.
നോർവീജിയൻ ജിയോ ടെക്നിക്കൽ ഡയറക്ടർ അടുത്തുതന്നെ കേരളം സന്ദർശിച്ച് തുടർ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കും. വെയിൽസ് സർക്കാരുമായി ആരോഗ്യപ്രവർത്തകരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
യോഗത്തിൽ മന്ത്രിമാരായ പി. രാജീവ്, വി. ശിവൻകുട്ടി, വി. അബ്ദുറഹ്മാൻ, വീണാ ജോർജ്ജ്, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി. ജോയി, ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.