
തിരുവനന്തപുരം: സർക്കാരിന്റെ ഭരണ പരാജയത്തിനും ജനദ്രോഹത്തിനുമെതിരെ പൗരവിചാരണ എന്ന പേരിൽ കെ.പി.സി.സി ആഹ്വാന പ്രകാരം കോൺഗ്രസ് സംഘടിപ്പിക്കുന്ന ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് ഇന്ന് തുടക്കമാകുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.
രാവിലെ 10ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളിൽ കളക്ടറേറ്റുകളിലേക്കുമാണ് മാർച്ച്. മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.പി.സി.സി ഭാരവാഹികൾ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവർ വിവിധ ജില്ലകളിൽ നടക്കുന്ന മാർച്ചിൽ പങ്കെടുക്കും.
പ്രതിഷേധത്തിന്റെ രണ്ടാം ഘട്ടമായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന വാഹന പ്രചാരണ ജാഥകൾ നവംബർ 20 മുതൽ 30 വരെ സംഘടിപ്പിക്കും. ഡിസംബർ രണ്ടാം വാരത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ പതിനായിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന 'സെക്രട്ടേറിയറ്റ് വളയൽ" സമരം മൂന്നാംഘട്ട പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തും.