തിരുവനന്തപുരം: പാഠ്യപദ്ധതിയിലൂടെ മഹാത്മാഗാന്ധിയെ അപമാനിച്ച ആർ.എസ്.എസിന്റെ മൈക്രോഫോണായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുകയാണെന്ന് സി.പി.ഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ. ഗവർണറുടെ ആർ.എസ്എസ് അജൻഡയ്‌ക്കെതിരെ എ.ഐ.വൈ.എഫ് നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യൻ.
സംസ്ഥാനത്ത് ഇപ്പോഴുള്ള ഗവർണർ ഒരു പ്രത്യേക ഗണത്തിൽപ്പെടുന്നയാളാണ്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും നാണകെട്ട ഒരു ഗവർണർ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ, ജില്ലാ സെക്രട്ടറി ആർ.എസ്. ജയൻ, പി. കബീർ,സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ. ശോഭ, പ്രസാദ് പറേരി, വിനീത വിൻസെന്റ്, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ കെ.കെ. സമദ്, ആർ.ജയൻ, എസ്. വിനോദ് കുമാർ, ജില്ലാ പ്രസിഡന്റ് ആദർശ് കൃഷ്ണ എന്നിവർ സംസാരിച്ചു.