തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികോത്സവ വിജയികൾക്കുള്ള സമ്മാനത്തുക വർദ്ധിപ്പിച്ചു. ഒന്നാം സ്ഥാനക്കാർക്ക് 2000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 1500 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 1250 രൂപയുമാണ് നൽകുക. ഗെയിംസിനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന പ്രൈസ് മണിയും ഇരട്ടിയാക്കി. എസ്.എം.വി സ്‌കൂളിൽ ചേർന്ന സംഘാടകസമിതി യോഗത്തിലാണ് തീരുമാനം. മന്ത്രി വി. ശിവൻകുട്ടി യോഗം ഉദ്ഘാടനം ചെയ്‌തു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി ഡി. സതീശൻ, മന്ത്രി ജി.ആർ. അനിൽ, മന്ത്രി ആന്റണി രാജു എന്നിവർ മുഖ്യ രക്ഷാധികാരികളായി സംഘാടക സമിതി രൂപീകരിച്ചു. ഡിസംബർ 3 മുതൽ 6 വരെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് കായികോത്സവം നടക്കുക.