തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അസോസിയേഷന്റെ പേരിൽ വ്യാജരേഖകൾ ചമച്ച് പണം തട്ടിയ സംഭവത്തിൽ മത്സ്യഫെഡ് സ്റ്റേറ്റ് കോഓപ്പറേറ്റീവ് ജനറൽ മാനേജർ അടക്കം മൂന്നുപേർക്കെതിരെ ഫോർട്ട് പൊലീസ് കേസെടുത്തു. മത്സ്യഫെഡ് ജനറൽ മാനേജർ എം.എസ്.ഇർഷാദ് (51), കേരള സർവകലാശാലയിലെ പൊതുമരാമത്ത് ചീഫ് എൻജിനീയർ ഓഫീസ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ കെ.ബിനോദ് (54), സെക്രട്ടേറിയറ്റ് നോർക്ക വകുപ്പ് ക്ലറിക്കൽ അസിസ്റ്റന്റ് കെ.എം.അനിൽകുമാർ (46) എന്നിവർക്കെതിരെയാണ് കേസ്. കേരള ഗവ. സ്റ്റാഫ് സഹകരണ സംഘത്തിൽ വ്യാജരേഖകൾ ഹാജരാക്കി ആരംഭിച്ച അക്കൗണ്ടിലേക്ക് സംഘടനയുടെ ആവശ്യത്തിനെന്ന പേരിൽ മത്സ്യഫെഡ് എം.ഡിയുടെ വ്യാജ ഒപ്പിട്ട ഉത്തരവിലൂടെ പണം തട്ടിയെന്നാണ് എഫ്‌.ഐ.ആറിൽ പറയുന്നത്.