
എം.ഡി.എം.എ കേസുകളിൽ തലസ്ഥാനം മുന്നിൽ
തിരുവനന്തപുരം: ലഹരിവിരുദ്ധ കാമ്പയിൻ കാലയളവിൽ സംസ്ഥാനത്ത് പൊലീസ് പിടികൂടിയത് 158.46 കിലോ കഞ്ചാവ്. ഒക്‌ടോബർ 6 മുതൽ നവംബർ 1 വരെ നടന്ന കാമ്പയിനിൽ ലഹരികടത്തുമായി ബന്ധപ്പെട്ട് 3071 പേർ അറസ്റ്റിലായി. 2823 കേസുകളാണ് രജിസ്റ്റർ ചെയ്തത്. എറണാകുളത്താണ് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് (437 പേർ). കോട്ടയം(390) ആലപ്പുഴ (308) ജില്ലകളാണ് തൊട്ടുപിന്നിൽ. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് (15).
കാമ്പയിനിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് എറണാകുളത്താണ് (405) . കോട്ടയത്ത് 376 കേസുകളും ആലപ്പുഴയിൽ 296 കേസുകളും കണ്ണൂരിൽ 286 കേസുകളും രജിസ്റ്റർ ചെയ്തു. മലപ്പുറത്ത് 241 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പത്തനംതിട്ടയിലാണ് കേസുകളിൽ ഏറ്റവും കുറവ് (45).
കാമ്പയിനിൽ 158.46 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. 1.75 കിലോ എം.ഡി.എം.എയും 872 ഗ്രാം ഹാഷിഷ് ഓയിലും 16.91 ഗ്രാം ഹെറോയ്‌നുമാണ് കാമ്പയിനിൽ പിടിച്ചെടുത്തത്. തിരുവനന്തപുരമാണ് എം.ഡി.എം.എ കേസുകളിൽ മുന്നിൽ (920.42 ഗ്രാം). മലപ്പുറത്ത് 536.22 ഗ്രാമും കാസർകോഡ്
80.11 ഗ്രാമും എം.ഡി.എം.എ പിടികൂടി. കൊല്ലം (69.52ഗ്രാം) കോഴിക്കോട് (48.85 ഗ്രാം) എറണാകുളം (16.72 ഗ്രാം) കണ്ണൂർ (9.42 ഗ്രാം) തൃശൂർ (6.71 ഗ്രാം) എം.ഡി.എം.എം പിടികൂടി. കഞ്ചാവ് വേട്ടയിൽ കോട്ടയമാണ് ( (92.49 കിലോ) മുന്നിൽ. തൃശൂരിൽ 21.83 കിലോയും മലപ്പുറത്ത് 18.98 കിലോ കഞ്ചാവും ഇക്കാലയളവിൽ പിടികൂടി.