
വിഴിഞ്ഞം: കഴിഞ്ഞ ദിവസത്തെ മഴയിൽ മണ്ണൊലിച്ച് സമീപത്തെ വീടുകൾക്ക് ഭീഷണിയാകുന്നു. തിരുവല്ലം പുഞ്ചക്കരി മുട്ടളക്കുഴിയിലാണ് കുന്ന് ഇടിച്ച ഭാഗത്തു നിന്നു താഴ്ഭാഗത്തേക്ക് മണ്ണൊലിപ്പുണ്ടായത്. വീടുകളുടെ മുന്നിലും പിന്നിലും മണ്ണും കല്ലും കൊണ്ടു മൂടി. ഈ വീടുകൾക്ക് മുന്നിലെ കുന്ന് ഇടിച്ചു മാറ്റിയ ഭാഗത്തു നിന്നാണ് മണ്ണും കല്ലും വെള്ളത്തിനൊപ്പം ശക്തമായി താഴേക്ക് ഒഴുകിയതെന്ന് വീട്ടുകാർ പറഞ്ഞു. മുട്ടളക്കുഴി മേലേ ശ്രീഭവനിൽ ശ്രീജ, തമ്പുരാൻ മുക്കിൽ നീതു നിവാസിൽ ലതകുമാരി, നിത്യ പുത്തൻവീട് രാജേഷ് ഭവനിൽ അംബികകുമാരി എന്നിവരുടെ വീടുകളിലേക്കാണ് മണ്ണൊലിപ്പുണ്ടായത്. ശക്തമായ മഴയെ തുടർന്നുള്ള വെള്ളമൊഴുക്കിൽ ഈ ഭാഗത്തെ നടപ്പാതയും തകർന്നു. കുന്ന് ഇടിച്ചതോടെയാണ് പ്രദേശത്ത് ഇതാദ്യമായി മണ്ണൊലിപ്പ് ഉണ്ടായതെന്നും നാട്ടുകാർ പറഞ്ഞു. താഴേക്ക് മണ്ണൊലിപ്പ് തടയാൻ ശക്തമായ കോൺക്രീറ്റ് മതിൽ നിർമിക്കണമെന്ന് ആവർത്തിച്ചു പറഞ്ഞിട്ടുംനടപടിയുണ്ടായില്ലെന്ന് വീട്ടുകാർ പറഞ്ഞു. കുന്നിടിക്കാൻ അനുവദിക്കില്ലെന്നും സംരക്ഷണ ഭിത്തി നിർമാണം നടത്തിയ ശേഷം മാത്രമേ സ്വകാര്യ ഭൂമിയിൽ തുടർനിർമാണ അനുവദിക്കൂ എന്നു കൗൺസിലർ ഡി. ശിവൻകുട്ടി അറിയിച്ചു.