ponamkulam-

പാറശാല: ദേശീയപാതയുടെ ഓരത്തായി പരശുവയ്ക്കൽ ജംഗ്‌ഷനിലെ പൊന്നംകുളം ഉപയോഗശൂന്യമായിട്ട് പത്ത് വർഷത്തോളമായി. പുനരുദ്ധാരണത്തിന്റെ പേരിൽ രാഷ്ട്രീയക്കാർ ചേർന്ന് ലക്ഷങ്ങളുടെ പദ്ധതികൾ നടപ്പിലാക്കി നശിപ്പിച്ചതാണ് കുളത്തിന്റെ നാശത്തിന് കാരണം.പൊന്നംകുളം ദേവീ ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് ശരീരശുദ്ധി വരുത്തുന്നതിനും പ്രദേശവാസികൾ,​വാഹന യാത്രക്കാർ തുടങ്ങി ദിനംപ്രതി ഇവിടെ എത്തുന്നവർക്ക് കുളിക്കാനും സമീപപ്രദേശങ്ങളിലെ കാർഷിക വൃത്തിക്കും ഏറെ പ്രയോജനകരമായിരുന്നു രണ്ട് ഏക്കറോളം വിസ്തൃതിയുള്ള പൊന്നംകുളം.

നാട്ടുകാരുടെ ആവശ്യങ്ങൾ വകവയ്ക്കാതെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുളത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പല പദ്ധതികളാണ് ഇവിടെ നടപ്പിലാക്കിയത്. അതുതന്നെയാണ് കുളത്തിന്റെ നാശത്തിനും കാരണമായത്.

രണ്ടാം ഘട്ടം പുനരുദ്ധാരണമാകട്ടെ കുളത്തിലെ ചെളി വാരിമാറ്റുക എന്നതായിരുന്നു. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തങ്ങളുടെ മേന്മകൾ കാരണമാകാം ഏറെ താമസിയാതെ തന്നെ കുളത്തിന്റെ ഒരു കരയിൽ സ്ഥാപിച്ചിരുന്ന കരിങ്കൽ ഭിത്തി തകർന്നുവീണു. തുടർന്നുള്ള മഴയിൽ കുളത്തിൽ വെള്ളം നിറഞ്ഞതിനാൽ ചെളി പൂർണമായും മാറ്റാതെ തന്നെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി നാട്ടുകാർക്കായി തുറന്ന് കൊടുത്തു.ചെളി കോരി മാറ്റാത്ത കുളത്തിലെ വെള്ളത്തിൽ ഏറെ താമസിയാതെ തന്നെ വള്ളിപ്പായലും മറ്റും വളർന്ന് പൊങ്ങിയത് കുളിക്കാനായി കുളത്തിലിറങ്ങുന്നവർക്ക് വെല്ലുവിളിയായി. ഇതിനെ അവഗണിച്ച് കുളത്തിൽ കുളിക്കാനായ് ഇറങ്ങിയ നാട്ടുകാരിൽ മൂന്ന് പേർക്ക് ജീവഹാനി സംഭവിച്ചതോടെ ആരും തന്നെ ഇവിടെ ഇറങ്ങാതെയായി. തുടർന്ന് പായലും പാഴ്ച്ചെടികളും വളർന്ന് പന്തലിച്ച് വെള്ളം ജീർണിച്ച അവസ്ഥയിലാണ്.ഇപ്പോൾ കൊതുക് വളർത്തൽ കേന്ദ്രമായതിന് പുറമെ പാഴ്‌വസ്ത്തുക്കളുടെയും ചപ്പ് ചവറുകളുടെയും നിക്ഷേപ കേന്ദ്രമായും മാറിയിട്ടുണ്ട് ഈ കുളം.

കുളത്തിനെ നാശമാക്കിയ വികസനം

ലക്ഷങ്ങൾ ചെലവഴിച്ച് കുളത്തിന്റെ കരകളിൽ കയർ ഉപയോഗിച്ചുള്ള ഭൂവസ്ത്രം അണിയിച്ച് ബണ്ടുകൾ ഉറപ്പാക്കുന്നതിനായി കരിങ്കൽ കെട്ടുകളും സ്ഥാപിച്ചു. ഒപ്പം കുളത്തിലേക്ക് വെള്ളം എത്തിച്ചിരുന്ന ഓവുചാലുകളും മാറ്റി പണിതു. അതോടുകൂടി തന്നെ കുളത്തിൽ എത്രതന്നെ വെള്ളം നിറച്ചാലും ചോർന്ന് പോകുന്ന അവസ്ഥയായി മാറി.

മാലിന്യം തളംകെട്ടി

ദേശീയ പാതയിലെ ഇരു വശങ്ങളിലുമായി ഉയർന്ന പ്രദേശങ്ങളിൽ നിന്നും ഓടയിലേക്ക് തുറന്ന് വിടുന്ന കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മലിനജലവും മറ്റും കുളത്തിലേക്ക് നിറയുകയാണ്.ഇതിന് പരിഹാരം വേണമെന്ന നാട്ടുകാരുടെയും സമീപവാസികളുടെയും പരാതിക്ക് പരിഹാരം ഉണ്ടാകാതെ കുളം മലിനാവസ്ഥയിലാണ് തുടരുന്നത്.