നെയ്യാറ്റിൻകര: നെയ്യാറിൽ കുളിക്കാനിറങ്ങിയ റിട്ട.അദ്ധ്യാപകനെ കാണാതായി. ഓലത്താന്നി സ്വദേശി ഗോപാലകൃഷ്ണനാണ് (68) കാണാതായത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. ഓലത്താന്നി തണ്ടളം നാഗരാജ ക്ഷേത്രത്തിന് സമീപത്തെ കടവിൽ കുളിക്കാനിറങ്ങവെ കാൽ വഴുതി ആറ്റിലേക്ക് വീണതാകാമെന്നതാണ് കരുതുന്നത്. ഏറെ നേരമായിട്ടും മടങ്ങിയെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വസ്ത്രങ്ങളും സോപ്പുപെട്ടിയും കരയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകരയിൽ നിന്ന് ഫയർഫോഴ്സെത്തി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാത്രിയായതോടെ തിരച്ചിൽ നിറുത്തി വച്ച് ഇന്നത്തേയ്ക്ക് മാറ്റി.